പയ്യന്നൂര്‍: കുറ്റൂരില്‍ പ്രകൃതിക്കും മനുഷ്യര്‍ക്കും ഭീഷണിയാകും വിധം വ്യാപകമായി കുന്നിടിച്ച് കടത്തുന്നു. കുന്നിന്‍ ചെരിവിലെ മണ്ണെടുത്ത ക്വാറിയില്‍ നിറയുന്ന വെള്ളക്കെട്ട് ഉരുള്‍പൊട്ടാനുള്ള സാധ്യതയുള്ളതിനാല്‍ പരിസരവാസികള്‍ ഭീതിയിലാണ്.
ചെറുതാഴം–കുറ്റൂര്‍ പെരിങ്ങോം റോഡിന്റെ മുകള്‍ ഭാഗത്ത് കുറ്റൂര്‍ ശിവക്ഷേത്രത്തിന്റെ ഇടതു വശത്തെ വലിയ കുന്നാണ് ഇടിച്ച് നിരത്തിയും മണ്ണ് കടത്തിയും പ്രകൃതി നാശം വരുത്തുന്നത്. ജെസിബിയും ടിപ്പറുകളുമായി മുടക്കമില്ലാതെ കുന്നിടിച്ച് കടത്തുകയാണ്. മെയിന്‍ റോഡില്‍ നിന്ന് നോക്കിയാല്‍ കാണാത്ത രീതിയില്‍ റോഡരികിലെ ഭാഗം ഒഴിവാക്കിയാണ് മണ്ണിടിക്കുന്നത്.
ഈ കുന്നിടിക്കല്‍ പ്രകൃതിദുരന്തത്തിന് ഇടയാക്കുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നു. കുന്നിന് താഴെ വസിക്കുന്ന കൂവപ്പ, കണ്ണങ്ങാട് പ്രദേശങ്ങളിലെ ജനങ്ങള്‍ അപകട ഭീഷണിയിലാണ്. അതോടൊപ്പം മാതമംഗലം-കുറ്റൂര്‍-പൊന്നമ്പാറ റോഡും തകരുന്ന അവസ്ഥ വരും.
മെയിന്‍ റോഡിന്റെ നിരപ്പില്‍ നിന്നും രണ്ടാളുടെ ഉയരം താഴ്ചയില്‍ മണ്ണ് കുഴിച്ചെടുത്ത ഭാഗം രണ്ട് വലിയ കുളങ്ങളായി വെള്ളം നിറഞ്ഞു കിടക്കുന്ന കാഴ്ച ഭീകരമാണ്. ശക്തമായ മഴയില്‍ ഈ ക്വാറികളില്‍ നിറയുന്ന വെള്ളക്കെട്ടും ഇളകിയ മണ്ണും ഉരുള്‍പൊട്ടി താഴേക്ക് കുത്തിയൊലിച്ചാല്‍ വന്‍ ദുരന്തമാകും.
















