സുള്ള്യ: പശുക്കളെ മോഷ്ടിച്ച് കേരളത്തിലേക്ക് കടത്തുന്നതിനിടയില്‍ മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ മൂന്ന് പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് കുറ്റിക്കോല്‍ പഞ്ചായത്ത് മുന്‍അംഗവും സിപിഎം നേതാവുമായ ഒറ്റമാവുങ്കാലിലെ എച്ച്.അയിത്തന്‍ (64), ഒറ്റമാവുങ്കാലിലെ ജയരാമന്‍ (ജയന്‍ 39), ശങ്കരമ്പാടിയിലെ ഡ്രൈവര്‍ വിനു (40) എന്നിവരെയാണ് സുള്ള്യ പോലീസ് അറസ്റ്റ് ചെയ്തത്.
സുള്ള്യ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സുള്ള്യ നാര്‍ക്കോട് വെച്ച് പിക്ക്അപ് വാഹനത്തില്‍ മോഷ്ടിച്ച നാല് പശുക്കളുമായി കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവര്‍ അറസ്റ്റിലായത്. പശുക്കളെ മോഷ്ടിച്ചു കടത്തുകയായിരുന്നുവെന്നും വനപാതയിലൂടെ മാണിമൂല ബന്തടുക്ക വഴി കേരളത്തിലേക്ക് കൊണ്ടു പോകുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നും സുള്ള്യ പോലീസ് പറഞ്ഞു. എസ്‌ഐ മഞ്ചുനാഥയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
















