ഇരിങ്ങാലക്കുട: ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാന്‍ ശക്തമായ അണിയറനീക്കം നടക്കുന്നുവെന്ന ആശങ്ക പടര്‍ത്തി ഇരിങ്ങാലക്കുട രൂപതാ പത്രമായ കേരളസഭ. ജൂണ്‍ മാസത്തില്‍ ഇറങ്ങിയ പത്രത്തിലാണ് ലേഖനം.
2019 ലെ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ജനാധിപത്യമോ ഇനി ഏകാധിപത്യമോ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2022 ല്‍ ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാന്‍ ശക്തമായ അണിയറ നീക്കമുണ്ട്. ഇന്ത്യയുടെ ചരിത്രം, സാംസ്‌കാരിക സ്ഥാപനങ്ങള്‍, കോടതികള്‍, പാഠപുസ്തകങ്ങള്‍ എന്നിവയില്‍ ആസൂത്രിതമായ കാവിവത്കരണമാണുള്ളത്. ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തുന്ന കലുഷിതമായ രാഷ്‌ട്രീയ ഭാവിയാണു ഇന്ത്യയുടെ മുന്നിലുള്ളതെന്നും ലേഖനം പറയുന്നു. ദല്‍ഹി അതിരൂപയുടെ ഇടയലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭരണഘടന ഉള്‍ക്കൊള്ളുന്ന ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളെ ആദരിക്കുന്നവര്‍ ഭരണത്തിലേറാന്‍ അതിരൂപതയില്‍ ഒരു വര്‍ഷം നീളുന്ന പ്രാര്‍ഥനാ യജ്ഞം നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.
തീവ്ര ഹിന്ദുത്വ വാദത്തിന്റെ വക്താവായ വീര്‍ സവര്‍ക്കറുടെ ഹിന്ദുത്വം ഹിന്ദു രാഷ്‌ട്രം എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദി വര്‍ഷമാണ് 2022. ആ വര്‍ഷത്തോടെ ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി പ്രഖ്യാപിക്കുമെന്നാണ് ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞിട്ടുള്ളത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ഇതിനായി ഭരണഘടന പൊളിച്ചെഴുതും. മോദി സര്‍ക്കാര്‍ വന്നതോടെ മതേതരത്വത്തിന്റെ അസ്തമനമായി, തുടങ്ങിയ ആരോപണങ്ങളാണ് ലേഖനത്തില്‍ ഉന്നയിക്കുന്നത്.
ചരിത്രത്തില്‍ നിന്നു പാഠം പഠിക്കണമെന്നും ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനം രാഷ്‌ട്രീയ ഇടപെടലെന്നു വിമര്‍ശിച്ച് സമയം കളയാതെ ഇന്ത്യയെ ഏകാധിപത്യത്തിലേക്ക് തള്ളി നീക്കുന്ന പ്രവണതകളെ പിടിച്ചുകെട്ടുകയാണ് വേണ്ടതെന്നും രൂപത ആഹ്വാനം ചെയ്യുന്നു.
സ്വന്തം ലേഖകന്‍
















