തലശ്ശേരി: നിര്‍ത്തിയിട്ട തീവണ്ടി കംപാര്‍ട്ട്‌മെന്റില്‍ തനിച്ചിരിക്കെ ഇംഗിതത്തിന് വഴങ്ങാതിരുന്ന സ്ത്രീയെ ദേഹത്ത് പെട്രോളൊഴിച്ച് ജീവനോടെ കത്തിച്ചു കൊലപ്പെടുത്തിയെന്ന കേസിന്റെ വിധി പ്രസ്താവം ഈ മാസം 28ന്. മലപ്പുറം കടുങ്ങല്ലൂര്‍ കീഴശ്ശേരി വിളയില്‍ സ്വദേശി കരുവാക്കോടന്‍ വീട്ടില്‍ ബീരാന്റെ ഭാര്യ പാത്തു എന്ന പാത്തൂട്ടിയാണ് (48) കൊല്ലപ്പെട്ടിരുന്നത്. തമിഴ്‌നാട് തേനി ജില്ലയിലെ കാമാക്ഷി പുരയിലെ പടിയന്റെ മകന്‍ സുരേഷ് കണ്ണനാണ് (30) പ്രതി.
2014 ഒക്ടോബര്‍ 20 ന് കാലത്ത് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പുലര്‍ച്ചെ നാല് മണിയോടെ കമ്പാര്‍ട്ട്‌മെന്റിനകത്ത് തീയാളുന്നതും അലര്‍ച്ചയും കണ്ടും കേട്ടുമെത്തിയവരാണ് ദേഹമാസകലം കത്തിപ്പിടയുന്ന സ്ത്രീരൂപത്തെ കണ്ടത്. രക്ഷപ്പെടാനുളള ഓട്ടത്തിനിടയില്‍ വീണ് പോയ സ്ത്രീയെ ഓടിക്കൂടിയവര്‍ ഉടനെ കണ്ണൂര്‍ ജില്ല ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിക്കുന്നതിന് മുന്‍പേ പാത്തൂട്ടി വെളിപ്പെടുത്തിയ വിവരങ്ങളെയും സൂചനകളെയും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയിലാണ് കേസ് വിചാരണ നടന്നത്.
















