മുളക്കുഴ: അനന്ദുവിനും ആതിരയ്‌ക്കും വീട് വേണം. ”അമ്മേ, ഇത്തവണ ബിജെപിയുടെ ആ സാറിന് വോട്ട് ചെയ്യണേ,” എന്ന ആ കുട്ടികളുടെ അഭ്യര്‍ത്ഥനയ്‌ക്ക് പിന്നില്‍ പണി പൂര്‍ത്തിയാക്കാത്ത ആ സ്വപ്നമുണ്ട്. മുളക്കുഴ പട്ടങ്ങാട് കോളനിയില്‍ വോട്ട് തേടിച്ചെന്നപ്പോഴാണ് അനന്ദുവിന്റെയും ആതിരയുടെയും അമ്മ അഡ്വ:പി.എസ്. ശ്രീധരന്‍പിള്ളയോട് ഈ കഥകള്‍ വിവരിച്ചത്.
കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്നവന്റെ ദുരിതങ്ങള്‍ക്ക് നേരെ പഞ്ചായത്തും സര്‍ക്കാരും കണ്ണടച്ചതിന്റെ കാഴ്ചവട്ടങ്ങളുടെ നടുവിലായിരുന്നു ഇന്നലെ പുലര്‍ച്ചെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. കേറിക്കിടക്കാന്‍ ഒരു കൂരയ്‌ക്ക് വേണ്ടി അനന്ദുവിന്റെയും ആതിരയുടെയും അച്ഛന്‍ മുട്ടാത്ത വാതിലില്ല. വിയര്‍പ്പിന്റെ ഫലം കൊണ്ട് ജനല്‍പ്പൊക്കത്തില്‍ പണിത് നിര്‍ത്തിയ വീടിന്റെ മുറ്റത്ത് പെയ്തുവീണത് അവഗണനയുടെ കഥകള്‍. ആശ്വാസത്തിന്റെ കൈത്തലം കൊണ്ട് ആ കുട്ടികളെ തലോടി ജനനേതാവിന്റെ വാക്കുകള്‍. കരുതലുള്ള ജനപ്രതിനിധിക്കായി ഇക്കുറി വോട്ടെന്ന് അവരുടെ മനസ്സമ്മതം.
ജനക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇവിടേക്കെത്തിയില്ല. എത്താന്‍ വാര്‍ഡ് ഭരിക്കുന്ന കോണ്‍ഗ്രസും നാട് ഭരിക്കുന്ന മാര്‍ക്‌സിസ്റ്റുകളും സമ്മതിച്ചില്ല. സുകന്യ സമൃദ്ധി യോജനയെക്കുറിച്ചോ പെന്‍ഷന്‍ പദ്ധതികളെക്കുറിച്ചോ ഇന്‍ഷുറന്‍സ് പരിരക്ഷയെക്കുറിച്ചോ പ്രധാനമന്ത്രി ആവാസ് യോജനയെക്കുറിച്ചോ ഒന്നുമറിയാതിരിക്കാന്‍ അവര്‍ ബിജെപിക്കെതിരെ ദുഷ്പ്രചാരണം നടത്തി. ഇപ്പോള്‍ ഈ കോളനിയും നേരിന്റെ വഴി തിരിച്ചറിയുകയാണ്.
കാടുപിടിച്ച ഇടവഴികളിലൂടെയാണ് ഓരോ വീട്ടിലേക്കും സ്ഥാനാര്‍ത്ഥി എത്തിയത്. കേരളമാകെ അറിയപ്പെടുന്ന ജനനായകന്റെ വരവ് അക്ഷരാര്‍ത്ഥത്തില്‍ കോളനിയുടെ മനസ്സ് കീഴടക്കി. ഗതികേടിന്റ കുന്നിന്‍പുറത്ത് ജീവിതം കഴിക്കുന്നവര്‍ക്ക് നിരത്താന്‍ ഒരു പാട് ആവശ്യങ്ങളുണ്ടായിരുന്നു. അവര്‍ ഒന്നും പറഞ്ഞില്ല. ശ്രീധരന്‍പിള്ള എല്ലാം നടന്നു കണ്ടു.
വഴിയില്ലാത്തതിന്റെ, കുടിവെള്ളമില്ലാത്തതിന്റെ, വെളിച്ചമില്ലാത്തതിന്റെ, കിടപ്പാടമില്ലാത്തതിന്റെ നമ്പര്‍ വണ്‍ കേരളം. ‘മാറണം നമുക്കെ’ന്ന് അവരോട് അദ്ദേഹം പറഞ്ഞു. ‘മാറ്റത്തിന് ഇക്കുറി വോട്ട്’ എന്ന് പട്ടങ്ങാട് കോളനിക്കാരും.
















