വികല്‍പമായാരഹിതേ ചിദാത്മകേ
ഹംങ്കാര ഏഷ പ്രഥമഃപ്രകല്‍പിതഃ
അധ്യാസ ഏവാത്മനി സര്‍വ്വകാരണേ
നിരാമയേ ബ്രഹ്മണി കേവലേ പരേ. 36
വികല്‍പവും മായയുമില്ലാത്തതും ചിദാത്മകവും സര്‍വ്വത്തിനും കാരണവും നിരാമയവും കേവലവും പരബ്രഹ്മവുമായ ആത്മാവില്‍ ആദ്യമായി അഹങ്കാരത്തെ കല്‍പിച്ചു. ഞാന്‍ കണ്ടു ഞാന്‍ ചെയ്തു തുടങ്ങിയ ഭാവങ്ങളാണ് അഹങ്കാരം. ഈ ഞാന്‍ ആത്മാവാണ് എന്നു വ്യവഹരിക്കുന്നു. എന്നാല്‍ ആത്മാവ് നിഷ്‌ക്രിയമാണ്. അതില്‍ അഹങ്കാരത്തിന്റെ അധ്യാസമുണ്ടായപ്പോള്‍ ഞാനെന്നഭാവമുണ്ടായി.
കുറിപ്പ്- പരമാത്മാവില്‍ വികല്‍പങ്ങളില്ല.( പലതരത്തില്‍ നിരീക്ഷിക്കല്‍) മായയുമില്ല. അത് ചിദാത്മാവാണ്, എല്ലാറ്റിനും കാരണമാണ്. അതിന് ആമയം( ദുഃഖം) ഇല്ല. ഇങ്ങനെയുള്ള പരമാത്മാവിന്റെ തന്നെ അംശമാണ് ജീവികള്‍ക്കുള്ളിലിരിക്കുന്ന ആത്മാവ്. ത്രിഗുണങ്ങളില്‍ നിന്നുണ്ടായ ശരീരവുമായുള്ള അധ്യാസം കൊണ്ട് ആത്മാവില്‍ അഹങ്കാരം ജനിച്ചു. ഞാനെന്ന ഭാവമാണ് ഈ അഹങ്കാരം. ഞാന്‍ കാണുന്നു, ഞാന്‍ പറയുന്നു ഇതൊക്കെത്തന്നെ. ആത്മാവിന് ആ അഹങ്കാരമില്ല. ഈ അഹങ്കാരം നശിക്കുമ്പോള്‍ ആത്മാവു തെളിഞ്ഞു പ്രകാശിക്കും.
















