ജോധ്പുർ: രാജസ്ഥാനിലെ നിയമസഭയിൽ ബിഎസ്പി എംഎൽഎ എത്തിയത് കൈയ്യിൽ തോക്കുമായി. സദൽപുരിൽ നിന്നുമുള്ള എംഎൽഎ മനോജ് കുമാർ ന്യാങാലിയാണ് വസ്ത്രത്തിനകത്ത് തോക്കുമായി നിയമസഭയിൽ പ്രവേശിച്ചത്. നിയമസഭയ്‌ക്ക് പുറത്തുള്ള മൂന്ന് ലെയർ സുരക്ഷാ സംവിധാനത്തെ മറികടന്നാണ് അദ്ദേഹം രാജസ്ഥാന്റെ നിയമസഭ മന്ദിരത്തിന്റെ പ്രധാന മുറിക്കുള്ളിൽ പ്രവേശിച്ചത്.
തുടർന്ന് കെട്ടിടത്തിന് വെളിയിൽ നിൽക്കുന്ന മാധ്യമ പ്രവർത്തകരെ കാണുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ കുർത്തയുടെ അകത്ത് നിന്നുമുള്ള തോക്ക് പുറത്തേക്ക് തള്ളി നിൽക്കുന്നത് കാണാൻ സാധിച്ചത്. ഇത് പുറത്ത് കാണാൻ സാധിക്കുമെന്ന് മനസിലാക്കിയ മനോജ് കുമാർ ഉടൻ തന്നെ തോക്ക് തന്റെ വസതിയിൽ കൊണ്ട് പോയി വയ്‌ക്കുകയും ചെയ്തു. നിയമസഭയ്‌ക്കുള്ളിൽ ആർക്കും തന്നെ ആയുധങ്ങളുമായി വരാനുള്ള നിയമം ഇല്ലെന്ന് സംഭവത്തെ ഉദ്ധരിച്ചുകൊണ്ട് ബിജെപി എംഎൽഎ ഗനേഷം തിവാരി പറഞ്ഞു.
ജനാധിപത്യത്തെ ബഹുമാനിക്കുന്ന തരത്തിലാണ് നിയമസഭയിൽ ഓരോ കാര്യങ്ങളും നടപ്പിലാക്കുന്നത്. പോലീസ് പോലും കാക്കിയുടുപ്പ് ധരിച്ച് നിയമസഭയിൽ കയറാറില്ല, ഡിജിപി വരെ പോലീസ് വേഷത്തിൽ കയറാറില്ലെന്ന് തിവാരി പറഞ്ഞു.
അതേ സമയം തോക്ക് കൈവശം വച്ച സംഭവത്തെ എംഎൽഎ മനോജ് കുമാർ ന്യായീകരിച്ചു. തനിക്കെതിരെ വധഭീഷണി നിലനിൽക്കുന്നതിനാൽ എപ്പോഴും തോക്ക് കൈകളിൽ കരുതാറുണ്ട്. തോക്കിന് പുറമെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും താൻ ധരിക്കാറുണ്ട്. അതിനാൽ നിയമസഭയിൽ എത്തിയപ്പോൾ ഒരുപക്ഷേ തോക്ക് കൈവശമുള്ള കാര്യം മറന്നതാണ്- മനോജ് കുമാർ പറഞ്ഞു.
















