ഏഴാം അനുവാകം
പൃഥിവ്യന്തരീക്ഷം ദ്യൗര്‍ദ്ദി ശോ വാന്തര ദിശാ: അഗ്‌നിര്‍ വായുരാദിത്യശ്ചന്ദ്രമാ നക്ഷത്രാണി ആപ ഓഷധയോ വനസ്പതയ ആകാശ ആത്മാ ഇത്യധിഭൂതം
ഭൂമി, അന്തരീക്ഷം, ദേ്യാവ്, ദിക്കുകള്‍, ഇടദിക്കുകള്‍ ഇങ്ങനെ ലോകപാങ് ക്തം അഗ്‌നി, വായു, ആദിത്യന്‍, ചന്ദ്രന്‍ ,നക്ഷത്രങ്ങള്‍ എന്നിങ്ങനെ ദേവതാ പാങ്ക്തം , ജലം, ഓഷധികള്‍, വൃക്ഷങ്ങള്‍, ആകാശം, ആത്മാവ് ഇവ ഭൂത പാങ് ക്തം. ഇങ്ങനെയാണ് അധിഭൂതം.
അഥാധ്യാത്മം പ്രാണോ വ്യാനോപാന ഉദാന:സമാന: ചക്ഷു: ശ്രോതം മനോ വാക് ത്വക് ചര്‍മ്മ മാംസം സ്‌നാവാസ്ഥിമജ്ജാ ഏതദധി വിധായ ഋഷിരവോചത് പാങ്ക്തം വാ ഇദം സര്‍വം പാങ്‌ക്തേ നൈവ പാങ്ക്തം സ്പൃണോതീതി.
ഇനി അധ്യാത്മമായ പാങ്ക്ത ത്രയം പറയുന്നു.
പ്രാണന്‍, വ്യാനന്‍, അപാനന്‍, ഉദാനന്‍, സമാനന്‍ എന്നിവയും കണ്ണ്, കാത്, മനസ്സ്, വാക്ക്, ത്വക്ക് എന്നിവയും ചര്‍മ്മം, മാംസം, ധമനി, അസ്ഥി, മജ്ജ എന്നിവയേയും കല്പന ചെയ്ത ഋഷി പറഞ്ഞു. ഇതെല്ലാം പാങ്ക്തമാണ്. ആധ്യാത്മികമായ പാങ്ക്തം കൊണ്ട് തന്നെ ബാഹ്യമായ പാങ്ക്തത്തെ ബലപ്പെടുത്തുന്നു.
പാങ്ക്ത രൂപത്തിലുള്ള ഉപാസനയെയാണ് ഇവിടെ വിവരിക്കുന്നത്. അഞ്ചെണ്ണത്തിന്റെ കൂട്ടത്തിനെയാണ് പാങ്ക്തം എന്നു പറയുന്നത്. പാങ്ക്തമെന്ന പേരില്‍ വേദത്തില്‍ ഒരു യജ്ഞം തന്നെ പറയുന്നുണ്ട്. അതിനാല്‍ ലോകം മുതല്‍ ആത്മാവുവരെയുള്ളതിനെ പങ്ക്തമായി കണ്ട് ഉപാസിക്കുന്ന രീതി യജ്ഞത്തിന് തുല്യമാണ്.
ലോക പാങ്ക്തം, ദേവതാ പാങ്ക്തം, ഭൂത പാങ്ക്തം എന്നിങനെയുള്ള അധിഭൂത പാങ് ക്തങ്ങള്‍ സ്ഥൂലങ്ങളാണ്. വായു പാങ്ക്തം, ഇന്ദ്രിയ പാങ്ക്തം, ധാതു പാങ്ക്തം എന്നീ അധ്യാത്മ പാങ്ക്തങ്ങള്‍ സൂക്ഷമങ്ങളുമാണ്.
ഭൂതാധികാരമായതിനാല്‍ ആത്മാവെന്ന് പറഞ്ഞത് വിരാട്ടിനെയാണ് . ഇത്യധിഭൂതം എന്ന് പറഞ്ഞതുകൊണ്ട് അധിലോകം, അധിദൈവതം എന്നിവയെക്കൂടി ഇതില്‍ അറിയണം.
അഞ്ച് എണ്ണങ്ങളുടെ കൂട്ടമായ ഈ പാങ്ക്തങ്ങളെ ഇപ്രകാരം വേണ്ടവിധത്തില്‍, മനസ്സിലാക്കണം. എല്ലാം പാങ്ക്തമാണെ ന്നറിയുന്നയാള്‍ പ്രജാപത്യാത്മാവായിത്തീരുന്നു. പാങ്ക്തങ്ങളുടെ സ്വരൂപം അറിയുകയും അധിഭൂതവും അധ്യാത്മവും തമ്മിലുള്ള ബന്ധത്തെയും മനസ്സിലാക്കുകയും വേണം ഇതിന്. അധ്യാത്മ ശക്തി കൊണ്ട് ഭൗതിക നേട്ടത്തേയും അതുകൊണ്ട് അധ്യാത്മിക ഉന്നതിയേയും നേടേണ്ടതുണ്ട്. ഇങ്ങനെ ഉപാസിക്കമ്പോള്‍ പാങ്ക്ത സ്വരൂപനായ പ്രജാപതിയോട് ചേരാം
















