കൊല്ലം: കേരളത്തിലെ ഭൂരഹിതര്‍ക്ക് ഭൂമി പതിച്ച് നല്കി അവരുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനസെക്രട്ടറി ഇ.എസ്.ബിജു.ഹിന്ദു ഐക്യവേദി വിവിധ സാമൂഹ്യവിഷയങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.
പത്ത് ലക്ഷത്തിലധികം ഭൂരഹിതര്‍ കേരളത്തിലുണ്ടെന്നിരിക്കെ അവരുടെ ന്യായമായ ആവശ്യം പരിഗണിക്കുന്നതിന്ന് പകരം സര്‍ക്കാര്‍ ഭൂമാഫിയകളുടെ കയ്യേറ്റത്തിനൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവണ്മെന്റിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം ഒരു ഹെക്ടര്‍ ഭൂമി കൃഷി ചെയ്യാനും പതിനഞ്ച് സെന്റ് വീട് വയ്ക്കാനും നല്‍കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഗവണ്മെന്റുകള് കയ്യേറ്റക്കാരെ സഹായിക്കുകയാണ്. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി നിയമ നടപടികളിലൂടെ തിരിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഭൂരഹിതരുടെ വിഷയം പരിഹരിക്കാം. അതിനു പകരം അരിപ്പ ഭൂസമരം എങ്ങനെ പൊളിക്കാമെന്ന് ഗവേഷണം നടത്തുകയാണ്.
സംസ്ഥാന സെക്രട്ടറിമാരായ തെക്കടം സുദര്ശനന്, പുത്തൂര്‍ തുളസി, ജില്ലാ പ്രസിഡന്റ് പി. ശശിധരന്, ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് പി. ശശിധരന് പിള്ള, വൈസ് പ്രസിഡന്റ് പി. നാരായണപിള്ള, ജില്ലാ സെക്രട്ടറിമാരായ പി. രമേശ്കുമാര്‍, ഓച്ചിറ രവികുമാര്‍, ജില്ല ട്രഷറര്‍ സി.കെ. കൊച്ചു നാരായണന്, പ്രകൃതിസംരക്ഷണ വേദി ജില്ലാ സംയോജകന്‍ പ്രവീണ്‍ തെക്കടം, മഹിളാ ഐക്യവേദി സംസ്ഥാന ട്രഷറര്‍ പ്രസന്ന ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
















