ന്യൂദല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തില്‍ പുനരന്വേഷണം വേണമെന്ന വാദമുന്നയിക്കാന്‍ പരാതിക്കാരന് എന്ത് അര്‍ഹതയാണ് ഉള്ളതെന്ന് സുപ്രീം കോടതി. കേസില്‍ പുനരന്വേഷണം വേണം, നാലാമത്തെ വെടിയുണ്ടയാണ് ഗാന്ധിജിയുടെ ജീവനെടുത്തത്, അതാരാണ് ഉതിര്‍ത്തതെന്ന് കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച മുംബൈ സ്വദേശി ഡോ. പങ്കജ് ഫഡ്നിസാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജി നല്കാന് വൈകിയതെന്തുകൊണ്ട്, ഇതിനുള്ള അര്‍ഹതയെന്ത് തുടങ്ങിയ കാര്യങ്ങളില്‍ ഫഡ്നിസ് തൃപ്തികരമായ ഉത്തരം നല്‍കണം. നിയമാനുസൃതമുളള വഴിയില്‍ മാത്രമേ കോടതി നീങ്ങൂ. ജസ്റ്റിസ് എസ്എ ബോബ്ഡെ, എല്‍ നാഗേശ്വര റാവു എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ടത് മഹാത്മാവ് ആയതുകൊണ്ട് മാത്രം കാര്യമില്ല.തെളിവുണ്ടോയെന്നതാണ് നോക്കേണ്ടത്.
കോടതി പറഞ്ഞു. ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് സമയം വേണമെന്ന് ഫഡ്നിസ് കോടതിയോടഭ്യര്‍ഥിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്നാണ് കോടതിയെ സഹായിക്കാന്‍ നിയോഗിച്ച അഭിഭാഷകന്( അമിക്കസ്ക്യൂറി) അമരേന്ദ്ര ശരണ്‍ കോടതിക്ക് നല്കിയ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാനും ഫഡ്നിസ് സമയം ചോദിച്ചു. കോടതി നാലാഴ്ചയാണ് അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: