മുംബൈ: മഹാരാഷ്‌ട്രയില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്ക് പിന്നില്‍ ഇടത് സംഘടനകളാണെന്നും, ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി ഇതിന് പ്രേരണ നല്‍കിയതായും സംസ്ഥാന സര്‍ക്കാരും ബിജെപിയും വ്യക്തമാക്കി. അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതിന് മുമ്പ് മൂന്ന് ദിവസം ജിഗ്‌നേഷ് മേവാനി ഈ മേഖലയില്‍ പ്രചാരണം നടത്തിയിരുന്നു. അക്രമത്തെ പ്രോത്സാഹിപ്പിച്ചവരില്‍ ഒരാള്‍ മേവാനിയാണെന്നും വ്യാജപ്രചാരണങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ബിജെപി ചൂണ്ടിക്കാട്ടി.
ആരാണ് സംഭവത്തിന് പിന്നിലെന്നും ആരൊക്കെയാണ് അക്രമങ്ങള്‍ക്ക് പദ്ധതിയിട്ടതെന്നും സര്‍ക്കാര്‍ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മഹാരാഷ്‌ട്രയെ ശിഥിലമാക്കുവാനാണ് അക്രമികള്‍ ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടി വക്താവ് മാധവ് ഭണ്ഡാരി പറഞ്ഞു.
ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ വന്‍ അക്രമങ്ങളാണ് അരങ്ങേറിയത്. ബിജെപി ചന്ദ്രപൂര്‍ എംഎല്‍എ നാനാജി ഷാമുകുലിന്റെ ഓഫീസ് അക്രമികള്‍ തകര്‍ത്തു. സംഘര്‍ഷത്തിന്റെയും ബന്ദിന്റെയും സാഹചര്യത്തില്‍ ഇന്ന് അര്‍ദ്ധരാത്രിവരെ താനെ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷത്തെത്തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷം പിന്നീട് മേഖലയിലാകെ വ്യാപിക്കുകയായിരുന്നു.
ബന്ദില്‍ ഗതാഗതം സ്തംഭിച്ചു. മുംബൈ, പുനെ എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രതിഷേധം അരങ്ങേറുന്നത്. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുന്നത് മൂലം ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടു. ബസ്, ഓട്ടോ റിക്ഷകളും മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങുന്നില്ല. കാര്‍ണാടക- മഹാരാഷ്‌ട്ര അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബന്ദിനെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഭാരിപ്പ ബഹുജന്‍ മഹാസംഘ് അധ്യക്ഷനും അംബേദ്കറുടെ പേരക്കുട്ടിയുമായ പ്രകാശ് അംബേദ്കറാണ് ബന്ദിന് ആഹ്വാനം ചെയ്തത്. എന്നാല്‍ ബിജെപി എംഎല്‍എയുടെ ഓഫീസ് ഉള്‍പ്പടെ ആക്രമിക്കപ്പെടുകയും അക്രമം വ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ അദ്ദേഹം ബന്ദ് പിന്‍വലിച്ചു.
സംഭവം സംബന്ധിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവീസ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബന്ദനുകൂലികള്‍ താനെ റെയില്‍വെസ്റ്റേഷനില്‍ ട്രെയിനുകള്‍ തടഞ്ഞു. അക്രമങ്ങള്‍ തടയുന്നതിനായി ഗാട്ട്‌കോപറ റാമ്പായി കോളനിയിലും കിഴക്കന്‍ എക്‌സ്പ്രസ് ഹൈവേയിലും വന്‍തോതില്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
















