തലശ്ശേരി: ഏറണാകുളം അരുരില്‍ നിന്നും കാണാതായ യുവാവിനെ ധര്‍മ്മടം ബ്രണ്ണന്‍ കോളേജിന് സമീപത്തെ കടവരാന്തയില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോളേജ് മെന്‍സ് ഹോസ്റ്റലിന് മുന്നിലെ റോഡരികിലുള്ള ഡിയര്‍ ബൈക്ക് ടു വീലര്‍ വര്‍ക്ക്‌ഷോപ്പ് വരാന്തയിലെ ഞാലിയില്‍ തുങ്ങിയ നിലയിലാണ് ജഡം കണ്ടെത്തിയത്. അരുര്‍ കുന്നത്തുങ്കരയിലെ കളത്തുങ്കല്‍ വീട്ടില്‍ കെ.ആര്‍.ജഗതിയുടെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡും ആധാറും വസ്ത്രത്തില്‍ നിന്നും ലഭിച്ചിരുന്നു. പ്രസ്തുത വിലാസത്തില്‍ ബന്ധപ്പെട്ടപ്പോള്‍ ഈ പേരിലുള്ള യുവാവിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാനില്ലെന്ന് വിവരം ലഭിച്ചതായി ധര്‍മ്മടം പോലീസ് പറഞ്ഞു. ജഡത്തിന്റെ വിരലില്‍ കണ്ടെത്തിയ മോതിരത്തില്‍ സംഗീത എന്ന പേരുണ്ട്. നേരത്തെ ഗള്‍ഫിലായിരുന്ന ഇയാള്‍ പിന്നീട് നാട്ടില്‍ തിരിച്ചെത്തി ഭാര്യയുമൊത്ത് ഗാര്‍മെന്റ് ബിസിനസ് ചെയ്തു വരികയായിരുന്നത്രെ. ഒരു പെണ്‍കുട്ടിയുണ്ട്. ധര്‍മ്മടം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി.
















