കണ്ണൂര്‍: 2020, 24 ഒളിമ്പിക്‌സ് ലക്ഷ്യമാക്കി കായികതാരങ്ങളെ കണ്ടെത്തി വാര്‍ത്തെടുക്കുവാന്‍ ഗെയില്‍ ഇന്ത്യാ ലിമിറ്റഡും നാഷണല്‍ യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗെയില്‍ ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ്‍-3 ജില്ലാ ട്രയല്‍ 14 ന് മാങ്ങാട്ടുപറമ്പിലുള്ള കെഎപി ക്യാമ്പ് ഗ്രാണ്ടില്‍ നടത്തും. 100, 200, 400 മീറ്റര്‍ ഇനങ്ങളാണുള്ളത്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലയിലുള്ള 11-17 വയസ്സിനിടയിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. അഖിലേന്ത്യാതലത്തില്‍ നടക്കുന്ന ടാലന്റ് ഹണ്ട് പ്രോഗ്രാമിന് കേരളത്തില്‍ കണ്ണൂരിന് പുറമെ നാല് ട്രയല്‍ കേന്ദ്രങ്ങള്‍ കൂടിയുണ്ട്. ട്രയലിലൂടെ കണ്ടെത്തുന്ന അത്‌ലറ്റുകളെ ഗെയില്‍ ഇന്ത്യാ ലിമിറ്റഡ് സ്‌പോണ്‍സര്‍ ചെയ്യും. കായിക താരങ്ങള്‍ക്ക് ഇപ്പോള്‍ പരിശീലനം ചെയ്തു കൊണ്ടിരിക്കുന്ന കോച്ചിന്റെ കീഴില്‍ തന്നെ പരിശീലനം തുടരാവുന്നതാണ്.
വര്‍ഷത്തില്‍ രണ്ട് നാഷണല്‍ ക്യാമ്പും ഒരു ഇന്റര്‍നാഷണല്‍ ക്യാമ്പും ലഭിക്കും. അണ്ടര്‍ 14, അണ്ടര്‍ 17 എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ട്രയല്‍ നടത്തുന്നത്. 2001, 2002, 2003 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ അണ്ടര്‍ 17 ലും 2004, 2005, 2006 വര്‍ഷങ്ങളില്‍ ജനിച്ചവര്‍ അണ്ടര്‍ 14 കാറ്റഗറിയിലും മത്സരിക്കണം. ഓരോ ഇനത്തിലും പ്രത്യേക സമയക്രമമനുസരിച്ചാണ് സെലക്ഷന്‍. ജില്ലാതല സെലക്ഷന്‍ ലഭിക്കുന്ന അത്‌ലറ്റുകളെ സംസ്ഥാനതലത്തിലും തുടര്‍ന്ന് ദേശീയതലത്തിലും നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ പങ്കെടുപ്പിക്കും. കഴിഞ്ഞ രണ്ട് സീസണുകളിലായി കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജിസ്‌ന മാത്യു, പ്രസില ഡാനിയേല്‍ എന്നിവരുടെ പരിശീലനം നടന്നുവരികയാണ്. കണ്ണൂര്‍ ട്രയലില്‍ പങ്കെടുത്ത് സെലക്ഷന്‍ ലഭിക്കാതിരിക്കുന്നവരില്‍ നിന്ന് നല്ല പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നവര്‍ക്ക് ക്യാഷ് െ്രെപസും ഏറ്റവും കൂടുതല്‍ അത്‌ലറ്റുകളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിന് ഗെയില്‍ സ്പീഡ് സ്റ്റാര്‍ ട്രോഫിയും നല്‍കും. താല്‍പര്യമുള്ള യുവ അത്‌ലറ്റുകള്‍ 14ന് കാലത്ത് 7 മണിക്ക് ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍കാര്‍ഡിന്റെ കോപ്പിയും സഹിതം ഗ്രൗണ്ടില്‍ എത്തണം. രജിസ്റ്റര്‍ ചെയ്യാന്‍ വാട്‌സ്ആപ്പ് നമ്പറില്‍ മെസ്സേജ് ചെയ്യണം. ഫോണ്‍: 8893120554, 8921877459.
വാര്‍ത്താസമ്മേളനത്തില്‍ മേജര്‍ പി.ഗാവിന്ദന്‍, ദിനില്‍ ധനഞ്ജയന്‍, കെ.ടി.പ്രശോഭിത്, പി.എം.ദിലീപ്കുമാര്‍, എം.സി.അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















