പാനൂര്‍: കൈവേലിക്കല്‍ കുന്നോത്ത്പറമ്പ് റോഡിനെ ബന്ധിപ്പിക്കുന്ന ആനപ്പാലം പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. കൈവരികള്‍ തകര്‍ന്ന് തീര്‍ത്തും അപകടാവസ്ഥയിലായ പാലത്തിലൂടെ വാഹനങ്ങള്‍ ഇപ്പോഴും കടന്നു പോകുകയാണ്. ആനപ്പാലത്തിന് ഏഴു പതിറ്റാണ്ടോളം പഴക്കമുണ്ട്. കൈവേലിക്കല്‍-കുന്നോത്ത്പറമ്പ് ഭാഗത്തേക്കുളള പ്രധാന റോഡ്മാര്‍ഗവും ഇതാണ്. കൈവരികളും പാലത്തിനടിയിലെ കോണ്‍ക്രീറ്റും ഇളകിയ നിലയിലാണ്. തീരെ വീതികുറഞ്ഞ പാലമായതിനാല്‍ വാഹനങ്ങള്‍ ഏറിയതോടെ ഗതാഗതസൗകര്യവും ബുദ്ധിമുട്ടായിരിക്കുകയാണ്. പാലത്തിന്റെ ഇരുവശത്തുമുളള റോഡുകളും തകര്‍ന്നു കിടക്കുകയാണ്. പാലം വീതികൂട്ടി പുനര്‍നിര്‍മ്മിക്കുകയും റോഡ് നിര്‍മ്മാണം നടത്തുകയും വേണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. അടിയന്തിരമായി ഇടപ്പെട്ട് പ്രശ്‌നപരിഹാരമുണ്ടാക്കിയില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം.
















