കണ്ണൂര്‍: ജില്ലയില്‍ കലാപമുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നതായി ബിജെപി ജില്ലാ കമ്മറ്റി ആരോപിച്ചു. വന്‍ കലാപമുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നു എന്നതിന് തെളിവാണ് കണ്ണൂര്‍ നഗരത്തില്‍ ജില്ലാ പോലീസിന്റെ മൂക്കിന് താഴെ ചില്ലിക്കുന്ന് എന്ന പ്രദേശത്ത് മാരകമായ ബോംബ് സ്‌ഫോടനമുണ്ടായ സംഭവം. സ്‌ഫോടമത്തില്‍ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കണ്ണൂര്‍ നഗരത്തിലും ചാലോട്, അഴീക്കോട്, ചിറക്കല്‍ എന്നീ പ്രദേശങ്ങളില്‍ അക്രമം നടത്തുന്ന ഒരു വന്‍ ഗുണ്ടാസംഘത്തെത്തന്നെ സിപിഎം ഈ പ്രദേശങ്ങളില്‍ വളര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഈ വിവരം പോലീസിന് വളരെ വ്യക്തമായി അറിയാവുന്നതാണ്. എന്നാല്‍ പോലീസ് ഈ പ്രദേശങ്ങളില്‍ റെയ്ഡ് നടത്താനോ ഈ ക്രിമിനലുകളെ അറസ്റ്റ് ചെയ്യാനോ തയ്യാറാകുന്നില്ല. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ പ്രദേശത്ത് ഇത്തരം സംഭവങ്ങളെല്ലാം നടക്കുന്നത്. ചില്ലിക്കുന്നില്‍ നടന്ന ബോംബ് സ്‌ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍.മുകുന്ദന്‍, സെക്രട്ടറി പി.ടി.രത്‌നാകരന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
















