കണ്ണൂര്‍: കഞ്ചാവ് ലഹരിയില്‍ യുവാവ് തെറ്റായ ദിശയിലേക്ക് ഗതാഗത നിയന്ത്രണം നടത്തിയത് നഗരത്തില്‍ ഏറെ സമയം ഗതാഗത കുരുക്കിന് കാരണമായി. ഇന്നലെ രാവിലെയായിരുന്നു സംഭവം. നഗരമധ്യത്തില്‍ ബസ്സുകളും മറ്റു വാഹനങ്ങളും നിയന്ത്രിക്കുകയും തെറ്റായ ദിശയിലേക്ക് വാഹനങ്ങള്‍ തിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഉടന്‍ പോലീസിലറിയിക്കുകയും പോലീസും ഫയര്‍ഫോഴ്‌സുമെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ജില്ലാആശുപത്രിലെത്തിക്കുകയുമായിരുന്നു.
കാഷ്വാലിറ്റിയിലെത്തിയ ഇയാള്‍ അവിടെയും പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും പോലീസിന്റെയും ആശുപത്രി ജീവനക്കാരുടെയും കണ്ണുവെട്ടിച്ച് അന്യസംസ്ഥാനതൊഴിലാളിയായ യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ പോലീസ് എയ്ഡ്‌പോസ്റ്റ് പലപ്പോഴും നോക്കുകുത്തിയായി മാറുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഇത്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നവരെ നിയന്ത്രിക്കാന്‍ ആശുപത്രി ജീവനക്കാര്‍ക്ക് കഴിയാറില്ല.
കണ്ണൂര്‍ ആശുപത്രി ബസ്സ്റ്റാന്റിലും ഡ്യൂട്ടിക്ക് പോലീസുകാരില്ലാത്തതിനാല്‍ ഇവിടവും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.
















