കണ്ണൂര്‍: വിജ്ഞാന വ്യാപനരംഗത്ത് നവീന മാതൃകയുമായി തളിപറമ്പ് മണ്ഡലം മാറുന്നു. തളിപറമ്പ് മണ്ഡലത്തിലെ 164 ഗ്രന്ഥശാലകളെ കോര്‍ത്തിണക്കി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജയിംസ്മാത്യു എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചക്ക് 2.30ന് പാലക്കാട് നിന്നും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. 1.39കോടി രൂപ ചെലവിലാണ് ഗ്രന്ഥശാലകളില്‍ ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കിയത്. കണ്ണൂര്‍ ഗവ.എന്‍ജിനീയറിംഗ് കോളേജിലാണ് പദ്ധതിയുടെ വെര്‍ച്വല്‍ സ്റ്റുഡിയോ സജ്ജമാക്കിയിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി ലൈബ്രറികള്‍ക്ക് സിപിയു, എല്‍സിഡി മോണിറ്റര്‍, മള്‍ട്ടി പര്‍പ്പസ് പ്രിന്റര്‍, യുപിഎസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗ്രന്ഥാലയങ്ങള്‍ ഗ്രാമീണ സേവനകേന്ദ്രങ്ങളാക്കി മാറ്റുന്നതിനും വിവരസാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തി സാമൂഹ്യ ഇടപെടലുകള്‍ ശക്തമാക്കുന്നതിനുമാണ് പദ്ധതി. എന്‍ജിനീയറിംഗ് കോളേജിലെ ഇന്ററാക്ടീവ് വെര്‍ച്വല്‍ സ്റ്റുഡിയോ ജില്ലയിലെ 925 ലൈബ്രറികള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്. ജയിംസ് മാത്യു എംഎല്‍എ, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ.ബൈജു, മണ്ഡലം കോര്‍ഡിനേറ്റര്‍ യു.ജനാര്‍ദ്ദനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















