ഇടുക്കി: തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയില്‍ ഇറങ്ങിയ ആനയെ കാണുന്നതിനായി യാത്രക്കാര്‍ വാഹനം നിര്‍ത്തിയതോടെ ഗതാഗതം കുരുക്കിലായി. ഇന്നലെ രാവിലെ 10 മണിയോടെയാണ് മീന്‍മുട്ടിയ്‌ക്ക് സമീപം വലിയമാവിലെ റോഡിന്റെ തിട്ടിന് താഴെ പിടിയാനയെ കാണുന്നത്.
ഇതോടെ പിന്നാലെയെത്തിയ യാത്രക്കാര്‍ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തി ആനയെ കാണുന്നതിനായി ഇറങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മേഖല കുരുക്കിലായി. റോഡരികില്‍ 20ലധികം വാഹനമാണ് നിര്‍ത്തി കാഴ്ചക്കാരെത്തിയത്. വീതി കുറഞ്ഞ ഹെയര്‍പിന്‍ വളവോട് കൂടിയ ഇവിടെ ബസടക്കം ഉള്ളവ കടന്നുപോകാനാവാതെ വന്നതും തടസമായി. ഈ സമയം സ്ഥലത്തെത്തിയ എക്‌സൈസ് സംഘമാണ് ആളുകളോട് മാറുവാന്‍ നിര്‍ദ്ദേശിച്ച് ഗതാഗത പ്രശ്‌നം ഏറെക്കുറെ പരിഹരിച്ചത്.
















