നെടുങ്കണ്ടം: ആരോഗ്യവകുപ്പ് ജീവനക്കാര്‍ അവധിയുടെ ആലസ്യത്തിലായതോടെ ആശുപത്രി തുറക്കാന്‍ മറന്നു. പാമ്പാടുംപാറയില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് തുറക്കാന്‍ വൈകിയത്.
ഇതുമൂലം രാവിലെ എത്തിയ രോഗികള്‍ വലഞ്ഞു. ക്രിസ്തുമസിന്റെ അവധിയുടെ പിറ്റേദിവസമായ ഇന്നലെ രാവിലെ വൃദ്ധര്‍ അടക്കമുള്ള രോഗികള്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ആശുപത്രി അടഞ്ഞുകിടക്കുന്ന കാഴ്ചയാണ് കണ്ടത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രി തുറക്കാതായതോടെ പരാതിയുമായി ഇവര്‍ രംഗത്തെത്തി. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ ബന്ധപ്പെട്ട് ജീവനക്കാരെ വരുത്തി ഉച്ചയ്‌ക്ക് 12.30 ന് ശേഷമാണ് ആശുപത്രി തുറന്നത്. നാല്‍പ്പതോളം ജീവനക്കാരും ഡോക്ടര്‍മാരും ഉള്ള ആശുപത്രിയില്‍ ആരും എത്താതിരുന്നത് പ്രതിഷേധത്തിന് കാരണമായി. എന്നാല്‍ ജോലി സംബന്ധമായ വിവിധ ആവശ്യങ്ങള്‍ക്കായി പോയതുകൊണ്ടാണ് ആശുപത്രി തുറക്കാന്‍ വൈകിയതെന്ന് ജീവനക്കാര്‍ പറഞ്ഞു.
















