കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോല്‍ക്കളി മഹോത്സവവും തെയ്യംപഠന സെമിനാറുകളും സംഘടിപ്പിക്കുന്നു. അടുത്ത മാസം രണ്ടാം വാരത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കോല്‍ക്കളി മഹോത്സവം വിവിധ പരിപാടികളോടെ പയ്യന്നൂരില്‍ വച്ച് നടക്കും. കേരളത്തില്‍ നിന്നും ദക്ഷിണേന്ത്യയില്‍ നിന്നുമായി പതിനെട്ടോളം സംഘങ്ങള്‍ കോല്‍ക്കളി അവതരിപ്പിക്കും. ഫിബ്രവരി മാസം രണ്ടാംവാരം തെയ്യം പഠനം കണ്ണപുരത്ത് സംഘടിപ്പിക്കും. പരിപാടിയുടെ ഭാഗമായി 70 വയസ്സ് കഴിഞ്ഞ മുഴുവന്‍ കോലധാരികളെയും ആദരിക്കും. 70 കഴിഞ്ഞ തെയ്യം കലാകാന്മാര്‍ പേരു വിവരങ്ങളും തെയ്യം കലാകാരനെന്ന നിലയില്‍ പ്രവൃത്തിച്ചിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡണ്ട്, ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയ ഒരു സാക്ഷ്യ പത്രവും അടുത്ത മാസം 15 നു മുമ്പായി അക്കാദമിയില്‍ ലഭിക്കും വിധം പോസ്റ്റലായോ നേരിട്ടോ എത്തിക്കണം. അടുത്ത മാസം തന്നെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ആലപ്പുഴയില്‍ വിപുലമായ രീതിയില്‍ ഫോക്ക് ഫെസ്റ്റ്, പൊന്ന്യത്തങ്കം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അതിനോടൊപ്പം നാടന്‍ കലകളെയും കലാകാരന്മാരെയും സംരക്ഷിക്കാനുള്ള പദ്ധതികള്‍ വൈകാതെ തന്നെ നടപ്പിലാക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫോക്ക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ എരഞ്ഞോളി മൂസ, സെക്രട്ടറി കീച്ചേരി രാഘവന്‍, പ്രോഗ്രം ഓഫീസര്‍ പി.വി.ലവ്‌ലിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















