കണ്ണൂര്‍: നാട്ടില്‍ നിരവധി പുതിയ രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജനകീയ കൂട്ടായ്‌മയുണ്ടെങ്കില്‍ മാത്രമേ അതിനെതിരെ പ്രതിരോധിക്കാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. മന്ത്രിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 2 ഡയാലിസിസ് മെഷീനും അനുബന്ധ ഉപകരണങ്ങളും ജില്ലാ ആശുപത്രിക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രോഗീവര്‍ദ്ധനവ് കൂടുന്നുവെന്നത് ദുഃഖസത്യമാണ്. ഇത് ആശങ്കാജനകമാണ്. അതിന്റെ പ്രധാനകാരണം ആരോഗ്യത്തിന് ഹാനികരമാകുന്ന വിധത്തിലുള്ള പല കാര്യങ്ങളും ചെയ്യുന്നത് തന്നെയാണ്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏറെ ശ്രദ്ധ ഏര്‍പ്പെടുത്തിയാല്‍ തന്നെ ഒരു പരിധിവരെ രോഗനിയന്ത്രണം ഉണ്ടാകും. അതിന് കൂട്ടായ പരിശ്രമം വേണമെന്നും അതിന് വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, കേണല്‍ പത്മനാഭന്‍, കെ.പി.ജയപാലന്‍, കെ.ശോഭ, ആശുപത്രി സൂപ്രണ്ട് വി.പി.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















