തിരുവനന്തപുരം: നാഡീസംബന്ധമായ തകരാറുകള്‍ കാരണം ശരീര സ്വാധീനം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ സാങ്കേതികവിദ്യ. ഓസ്ട്രിയയിലെ ആസ്റ്ററിക്‌സ് അക്കാദമിയാണ് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഐസിഫോസുമായി സഹകരിച്ച് സാങ്കേതികവിദ്യയും അതില്‍ പരിശീലനവും നല്‍കുന്നത്.
ഇതിന്റെ ഭാഗമായുള്ള ശില്‍പ്പശാല ഇന്ന് ടെക്നോപാര്‍ക്കിലെ ഐസിഫോസില്‍ നടക്കും. ഓസ്ട്രിയയില്‍നിന്നുള്ള അഞ്ചംഗ വിദഗ്ധ സംഘം നേതൃത്വം നല്‍കും. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടന്നുവരെ ലക്ഷ്യമാക്കി ഈ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ദൗത്യം തുടര്‍ന്ന് ഐസിഫോസ് ഏറ്റെടുക്കും. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരമൊരു ഉദ്യമം. സ്വതന്ത്ര സോഫ്റ്റ്വെയര്‍ അടിസ്ഥാനപ്പെടുത്തിയല്ലാതെ നിര്‍മിക്കുന്ന ഈ ഉപകരണങ്ങള്‍ക്ക് വിപണിയില്‍ കനത്ത വില നല്‍കണം.
സ്വതന്ത്ര സോഫ്റ്റ്വെയറിനെക്കുറിച്ച് നടത്തുന്ന രാജ്യാന്തര സോഫ്റ്റ്‌വെയര്‍ സമ്മേളനത്തിന്റെ ഭാഗമായാണ് ശില്‍പ്പശാല. കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് വിരലിന്റെ നേരിയ ചലനത്തിലൂടെയും വായയുടെ സഹായത്തോടെയും കമ്പ്യൂട്ടറുകളടക്കം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഫ്ളിപ് മൗസ്, റിമോട്ട് കണ്‍ട്രോളുകള്‍, കണ്ണിന്റെ ചലനത്തിലുടെ പ്രവര്‍ത്തിപ്പിക്കുന്ന സംഗീതോപകരണങ്ങള്‍ തുടങ്ങി നിരവധി സാങ്കേതികവിദ്യകളാണ് ഐസിഫോസിന് ലഭിക്കുന്നത്.
















