കൊച്ചി : പെരുമ്പാവൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ ‘തൂഫാന്‍ വാരിയേഴ്സ്’ ലഹരി വില്‍പ്പന ആരോപിച്ച് യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തെ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ രീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും എന്തെങ്കിലും വിവരം ഉണ്ടെങ്കില്‍ പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മറ്റൊരു കേസില്‍ പ്രതിയുമായ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
‘തൂഫാന്‍ വാരിയേഴ്സാ’യ ഷെരീഫും സാജിതും ഷമീറും റഫീഖും ചേര്‍ന്നാണ് കഞ്ചാവ് വില്‍പ്പന ആരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചതും തല തലമുണ്ഡനം ചെയ്തതും. വ്യാഴാഴ്ച കണ്ടന്തറയിലായിരുന്നു സംഭവം. സോഡ കമ്പനി ജീവനക്കാരായ ആല്‍ബിന്‍ ഷാജിയും മുഹമ്മദ് അല്‍ഫാസും സുഹൃത്ത് ഗോകുല്‍ ദീപക്കിന്റെ ജോലിക്കാര്യത്തിനായി എത്തിയപ്പോഴാണ് ആറംഗസംഘം ഇവരെ ആക്രമിച്ചത്.















