പയ്യന്നൂര്‍: പദാര്‍ഥ രസതന്ത്രത്തിന്റെ സാധ്യതകള്‍ പ്രതിരോധരംഗത്തും വ്യവസായ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നതാണെന്നു കൊച്ചി നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയിലെ ശാസ്ത്രജ്ഞന്‍ ഡോ.എ.വി.രമേഷ് കുമാര്‍. പദാര്‍ത്ഥ രസതന്ത്രത്തിലെ ഗവേഷണത്തിലൂടെ ലോകത്തിലെ മുന്‍നിരയിലെ ശക്തിയാകുവാന്‍ ഇന്ത്യയ്‌ക്കു സാധിച്ചിട്ടുണ്ട്. പദാര്‍ഥ രസതന്ത്രത്തിന്റെ പുതിയ പ്രതീക്ഷകള്‍ മെറ്റാ മെറ്റീരിയല്‍സ് ആണ്. അതിന്റെ സാധ്യതകള്‍ പ്രതിരോധരംഗത്തും വ്യവസായ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദാര്‍ത്ഥ രസതന്ത്രംവെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ കെമിസ്ട്രി അലുമിനി അസോസിയേഷന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ കോളജില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ.പ്രദീപന്‍ പെരിയാട്ട്, ഡോ.വി.ടി.പി.വിനോദ്, പ്രൊഫ.എം.ഗോപാലന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫ.എന്‍.കെ.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.ടി.രവീന്ദ്രന്‍, കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, ഡോ.കെ.സി.മുരളീധരന്‍, ഡോ.വി.ഗീത, ഡോ.എം.എം.വിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ എംഎസ്‌സി കെമിസ്ട്രി പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കിയ വിജിത പവിത്രന്‍, ഇ.അമൃത എന്നിവരെ അനുമോദിച്ചു.
















