പിലാത്തറ: പിലാത്തറ സ്റ്റാന്റുവഴി കടന്നു പോകുന്ന സ്വകാര്യ ബസ്സുകള്‍ക്ക് പഞ്ചിംഗ് സമ്പ്രദായം ഇന്ന് മുതല്‍ പുനരാരംഭിക്കും. വിവിധ ടൗണുകളില്‍ നിന്ന് പിലാത്തറ വഴി മാതമംഗലം മലയോര ഭാഗത്തേക്കും പഴയങ്ങാടി കടലോര ഭാഗത്തേക്കുമുള്ള ബസ്സുകള്‍ക്കാണ് പഞ്ചിംഗ് ഏര്‍പ്പെടുത്തുന്നത്.
പിലാത്തറ മാതമംഗലം റൂട്ടിലും പിലാത്തറ പഴയങ്ങാടി റൂട്ടിലും തുടരുന്ന മത്സര ഓട്ടവും നിരന്തരമുണ്ടാകുന്ന അപകടങ്ങളും നിയന്ത്രിക്കുന്നതിനാണ് സമയനിഷ്ഠ കര്‍ശനമാക്കുന്നത്. ചൊവ്വാഴ്ച മുതല്‍ പിലാത്തറ വഴിയുള്ള ബസ്സുകള്‍ ബസ് സ്റ്റാന്റിലെ പഞ്ചിംഗ് സ്‌റ്റേഷനില്‍ സമയം രേഖപ്പെടുത്തി വേണം കടന്നു പോകാന്‍. രാവിലെ 9.30 ന് ടി.വി.രാജേഷ് എംഎല്‍എ പഞ്ചിംഗ് ഉദ്ഘാടനം ചെയ്യും.
പിലാത്തറയില്‍ നിന്ന് മാതമംഗലം, പഴയങ്ങാടി ഭാഗങ്ങളിലേക്കുള്ള ബസ്സുകളുടെ സമയക്രമം തെറ്റിച്ചുള്ള അമിത വേഗത്തെക്കുറിച്ചും മത്സരിച്ചോട്ടത്തെക്കുറിച്ചും വ്യാപക പരാതി ഉയര്‍ന്നപ്പോള്‍ ഒരു വര്‍ഷം മുമ്പ് പഞ്ചിംഗ് തുടങ്ങിയിരുന്നു. പിലാത്തറയിലും മാതമംഗലത്തും ബസ്സുടമകളുടെ നേതൃത്വത്തില്‍ തുടങ്ങിയ പഞ്ചിംഗ് ക്രമേണ നിലക്കുകയും പഞ്ചിംഗ് സെന്ററുകള്‍ നോക്കുകുത്തികളായി തീരുകയും ചെയ്തു. തളിപ്പറമ്പ് സിഐ സുധാകരന്റെ നേതൃത്വത്തില്‍ പഴയങ്ങാടി, പരിയാരം, പെരിങ്ങോം സ്‌റ്റേഷന്‍ എസ്‌ഐമാരും ബസ്സുടമകളും ജനപ്രതിനിധികളും സാമൂഹ്യരാഷ്‌ട്രിയ പ്രതിനിധികകളും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നാണ് പഞ്ചിംഗ് അടക്കമുള്ള ഗതാഗത നിയന്ത്രണ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
















