ഇന്ത്യന്‍ കോഫിഹൗസ് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വിജയികളായ തൊഴിലാളികൂട്ടായ്‌മ സഹകരണവേദിയുടെ ആഹ്ലാദപ്രകടനം.
തൃശൂര്‍: തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ സഹകരണവേദിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണ സാരഥ്യമേറ്റെടുത്തു. ശക്തന്‍ നഗറിലെ ഇന്ത്യന്‍ കോഫി ബോര്‍ഡ് സഹകരണ സംഘം ആസ്ഥാനത്ത് റിട്ടേണിംഗ് ഓഫീസര്‍ സി.ആര്‍. സോജന്‍ മുമ്പാകെ ഭരണസമിതി ചുമതലയേറ്റു.
പ്രസിഡന്റായി പി.ആര്‍. കൃഷ്ണപ്രസാദ്, സെക്രട്ടറിയായി സി.ഡി. സുരേഷ്, അസിസ്റ്റന്റ് സെക്രട്ടറിയായി ലിനു ദാമോദരന്‍ എന്നിവരും മറ്റു ഭരണസമിതിയംഗങ്ങളും ചുമതലയേറ്റു. സഹകരണവേദിയുടെ പാനലില്‍ വിജയിച്ച 10 പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധിയായ കെ.എന്‍.ലളിതയുമടങ്ങുന്ന 11 അംഗ ഭരണസമിതിയാണ് ഇനി തെക്കന്‍ കേരളത്തിലെ 8 ജില്ലകള്‍ അടങ്ങുന്ന കോഫിഹൗസുകളുടെ ഭരണം നിയന്ത്രിക്കുക.
ഭരണസമിതിയംഗങ്ങള്‍ ഇന്ത്യന്‍ കോഫി ഹൗസ് സ്ഥാപകന്‍ എ.കെ.ജി.യുടെ ഛായാചിത്രത്തിനു മുന്നില്‍ ഭദ്രദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. വാദ്യഘോഷങ്ങളോടെ തൊഴിലാളികളുടെ ആഹ്ലാദപ്രകടനത്തിനു ശേഷമായിരുന്നു ചുമതലയേല്‍ക്കല്‍. പുതിയ ഭരണസമിതിയംഗങ്ങളെ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഷാളയണിയിച്ച് ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍ ഭരണസമിതിയംഗങ്ങളെ അഭിനന്ദിക്കാനെത്തി.
തൊഴിലാളിയും മുതലാളിയും ഒന്നായ കോഫി ഹൗസില്‍ യൂണിയനുകള്‍ ആവശ്യമില്ലെന്ന് തെളിയിക്കുന്നതാണ് സഹകരണവേദിയുടെ വിജയമെന്ന് ഭരണസമിതി സെക്രട്ടറി സി.ഡി. സുരേഷ് പറഞ്ഞു. ചുമതലയേറ്റതിനുശേഷം ഭരണസമിതിയുടെ ആദ്യയോഗം പ്രസിഡന്റ് പി.ആര്‍. കൃഷ്ണപ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
















