കോട്ടയം: ദേശീയ വാര്‍ഷിക ശുചിത്വ സര്‍വ്വേ ഇന്നാരംഭിക്കും. എല്ലാ സംസ്ഥാനങ്ങളിലും ഇതുമായി ബന്ധപ്പെട്ട സര്‍വ്വേകളും, പരിശോധനകളും നടക്കും. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത മേഖലയായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലാകും സര്‍വ്വേ നടക്കുക. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘമായിരിക്കും ഇതില്‍ പങ്കാളികളാവുക.
പഞ്ചായത്തുകള്‍ വെളിയിട വിസര്‍ജ്ജന മേഖലയായി പ്രഖ്യാപനം നടത്തിയത് ഉത്തമ ബോധ്യത്തോടുകൂടിയാണോ എന്ന് ഉറപ്പുവരുത്തുകയാണ് സര്‍വ്വേയുടെ ലക്ഷ്യം. കേരളത്തില്‍ 148 വില്ലേജുകള്‍ ഉള്‍പ്പെട്ട പഞ്ചായത്തുകളിലാണ് പരിശോധന നടക്കുക. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.സര്‍വ്വേ നടക്കുമെന്ന് ഉറപ്പായതോടെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ ശുചിത്വ സമിതികളുടെ സ്‌ക്വാഡുകള്‍ ഗൃഹസമ്പര്‍ക്കങ്ങള്‍ നടത്തുകയുണ്ടായി.
വീടുകളില്‍ ശുചിമുറികള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം പൊതു ശുചിമുറികള്‍ ആവശ്യത്തിന് ജല ലഭ്യതയോടെ ഉപയോഗ യോഗ്യമാണെന്ന വിലയിരുത്തലുകളും ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ നടന്നു.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കാന്താര്‍ പബ്ലിക് ആന്റ് ഐപിഇ ഗ്ലോബല്‍ എന്ന ഏജന്‍സിക്കാണ് കേരളത്തിന്റെ ചുമതല. സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലെ ശുചിമുറികളും, സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി നിര്‍മ്മിച്ച ശുചിമുറികളും കേന്ദ്രസംഘത്തിന്റെ പരിശോധനകള്‍ക്ക് വിധേയമാകും. ശുചിമുറികള്‍ക്ക് അനുബന്ധമായ സോക്ക് പിറ്റ്, സെപ്റ്റിക് ടാങ്ക്, ടുപിറ്റ് തുടങ്ങിയവയും നിരീക്ഷിക്കപ്പെടും.
















