കണ്ണൂര്‍: സോളാര്‍ തോമസ്ചാണ്ടി വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷ ഒത്തുകളിക്കെതിരെ ബിജെപി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ കെ.രാധാകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. ബിജെപി അഴീക്കോട് നിയോജക മണ്ഡലം കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കയ്യേറ്റങ്ങള്‍ തുടരുമെന്ന് പരസ്യമായി വെല്ലുവിളിച്ച തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന പിണറായി വിജയന്‍ ഭൂമാഫിയകള്‍ക്ക് പൊതുമുതല്‍ കയ്യേറാനുള്ള മൗനാനുവാദം നല്‍കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോളാര്‍ കേസിലെ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിന്റെ പ്രത്യുപകാരമായാണ് തോമസ് ചാണ്ടി വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതികരിക്കാതിരിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഒ.കെ.സന്തോഷ് സ്വാഗതവും കെ.എന്‍.മുകുന്ദന്‍ നന്ദിയും പറഞ്ഞു.
















