ശാസ്താംകോട്ട : ശബരിമല തീര്‍ത്ഥാടകര്‍ക്ക് കാനന പാതയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ‘സേഫ് സോണ്‍’ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പമ്പ-പത്തനംതിട്ട, കോട്ടയം-കുമളി, എരുമേലി-പമ്പ പാതകളാണ് പരിധിയില്‍. മൂന്ന് പാതകളിലുമായി 400 കിലോമീറ്ററിലാണ് സുരക്ഷ ഒരുക്കുന്നത്.
ഇലവുങ്കലിലാണ് പ്രധാന കണ്‍ട്രോള്‍ റൂം. എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലും കണ്‍ട്രോള്‍ റൂമുകളുണ്ട്. 24 മണിക്കൂറും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തും. ഉറക്കം വന്ന് വാഹനം ഓടിക്കുക, അശ്രദ്ധമായി വാഹനം ഓടിക്കുക, അപകടകരമായ ഓവര്‍ടേക്കിങ്, അനധികൃതവും അപകടകരവുമായ പാര്‍ക്കിങ്, റോഡ് മുറിച്ച് കടക്കല്‍, വാഹന സുരക്ഷിതത്വ പരിശോധന മുതലായ കാര്യങ്ങള്‍ അവര്‍ ശ്രദ്ധിക്കും.
പോലീസ്, വനം, ഫയര്‍, ആരോഗ്യം, ബിഎസ്എന്‍എല്‍, ദേവസ്വം ബോര്‍ഡ് വകുപ്പുകളെ ഏകോപിപ്പിച്ചാണ് സേഫ് സോണ്‍. കാനന പാതയില്‍ ബ്രേക്ക്ഡൗണ്‍ ആകുന്ന വാഹനം റിപ്പയര്‍ ചെയ്യാന്‍ എല്ലാ പ്രമുഖ വാഹന നിര്‍മാതാക്കളുടെയും ടെക്‌നീഷ്യന്‍മാര്‍, ക്രെയിന്‍ സംവിധാനം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് സൗജന്യ ആംബുലന്‍സ് സേവനം എന്നിവയുണ്ട്.
അപകടം ഉണ്ടായാലും ബ്രേക് ഡൗണ്‍ സഹായത്തിനും മറ്റ് അത്യാവശ്യങ്ങള്‍ക്കും 95623181, 9400044991 എന്ന നമ്പരുകളില്‍ വിളിക്കാം.24 മണിക്കൂറും സേവനമുണ്ട്. ഈ ഹെല്‍പ്‌ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡുകള്‍ പദ്ധതി മേഖലയില്‍ ഓരോ കിലോമീറ്റര്‍ ഇടവിട്ട് സ്ഥാപിക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അനില്‍കാന്ത് നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണര്‍മാരായ സി.എസ്. അശോകന്‍, കെ.ജി. സുമുവല്‍ തുടങ്ങി 20 അംഗ ടീമാണ് സംഘത്തില്‍ ഉണ്ടാവുക.
















