കണ്ണൂര്‍: ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്‌മയായ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്‍ സംസ്ഥാന കലോത്സവം 20ന് മാട്ടൂല്‍ നോര്‍ത്ത് സഫ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. കാലത്ത് ഒമ്പതരക്ക് സാഹിത്യകാരന്‍ ടി.പത്മനാഭന്‍ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14 ജില്ലകളില്‍ നിന്നായി 150 ഓളം ഇനങ്ങളിലായി രണ്ടായിരത്തിയഞ്ഞൂറ് കുട്ടികള്‍ മേളയില്‍ പങ്കെടുക്കും. 28 സ്‌റ്റേജുകളിലായി നടക്കുന്ന പരിപാടി കാലത്ത് എട്ട് മണിയോടെ ആരംഭിക്കും. ആറ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്കാണ് മത്സരം. സമാപന സമ്മേളനം വൈകീട്ട് അഞ്ചിന് കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. പി.കരുണാകരന്‍ എംപി സമ്മാനദാനം നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ എന്‍.മുഹമ്മദലി മാസ്റ്റര്‍, കെ.മുഹയുദ്ദീന്‍ സഖാഫി, സയ്യിദ് ജുനൈദുല്‍ ബുഖാരി, കെ.പി.സുബൈര്‍, എം.മുസ്തഫ ഹാജി എന്നിവര്‍ പങ്കെടുത്തു.
















