കണ്ണൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയെ വെറുതെവിട്ടു. ബംഗളൂരു സ്വദേശിയായ രാജു(35) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ലക്ഷ്മിയെ(27) തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. പ്രൊസിക്യൂഷന് പ്രതിക്ക് മേലുള്ള കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.
2016 ഏപ്രില്‍ 11 ന് വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വെച്ച് ലക്ഷ്മിയും രാജുവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ തലയിടിച്ച് രാജുവിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജു മെയ് 26 ന് മരണമടയുകയായിരുന്നു. ടൗണ്‍ പോലീസ് കൊലപാതകക്കുറ്റത്തിന് ലക്ഷ്മിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ വിചാരണവേളയില്‍ പ്രതിക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്ന് ലക്ഷ്മിയെ കോടതി വെറുതെ വിടുകയായിരുന്നു.
















