ചെറുകുന്ന്: ചെറുകുന്നിലെ ജ്യോത്സ്യര്‍ സുഭാഷ് ജ്യോതിഷത്തിന്റെയും പൂജാവിശ്വാസത്തിന്റെയും പേരില്‍ വിശ്വാസികളില്‍ നിന്നും തട്ടിയെടുത്തത് കോടികള്‍. കൂത്തുപറമ്പിലെ വിദേശവ്യവസായിയില്‍ നിന്നും ഒരു കോടി അറുപത് ലക്ഷം രൂപയും ഗുജറാത്തിലെ ബാദേഷ് ഖോകലെ എന്നയാളില്‍ നിന്നും ഒരുകോടി 25 ലക്ഷവും തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇദ്ദേഹം തട്ടിയെടുത്ത അമൂല്യനാഗമാണിക്യം കണ്ണപുരം പോലീസ് കണ്ടെടുത്തു. ചെറുകുന്നിലെ വ്യവസായിയായ പോള ജയരാജനില്‍ നിന്നുമാണ് നാഗമാണിക്യം തട്ടിയെടുത്തത്. ജയരാജന്റെ വീട്ടില്‍ നടന്ന അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് സുഭാഷ് ജ്യോത്സ്യര്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ സ്വര്‍ണപ്രശ്‌ന ചിന്ത നടത്തിയിരുന്നു. വീട്ടില്‍ സൂക്ഷിച്ച നാഗമാണിക്യമാണ് ഇത്തരം അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമെന്ന് ജ്യോത്സ്യര്‍ പ്രശ്‌നവിധിയില്‍ കണ്ടെത്തി. ഈ രത്‌നങ്ങള്‍ തൃക്കോത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. ജ്യോത്സ്യര്‍ക്ക് ബന്ധമുള്ളതാണ് ഈ ക്ഷേത്രം. എന്നാല്‍ ക്ഷേത്രത്തില്‍ നിന്നും രത്‌നങ്ങള്‍ പിന്നീട് നഷ്ടപ്പെടുകയായിരുന്നു. ഈ വിവരമറിഞ്ഞ് ജയരാജന്‍ പോലീസില്‍ പരാതി നല്‍കി. ജ്യോത്സ്യരെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൂത്തുപറമ്പിലെ വിദേശവ്യാപാരിയില്‍ നിന്നും രത്‌നം കണ്ടെടുക്കുകയുമായിരുന്നു. കോടികള്‍ വിലമതിക്കുന്ന രത്‌നം ജ്യോത്സ്യര്‍ മോഷ്ടിച്ച് മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു.
ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ ഇയാള്‍ നടത്തിയതായി അന്വേണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ജ്യോത്സ്യര്‍ ഇപ്പോള്‍ റിമാന്റിലാണ്.
















