കണ്ണൂര്‍: കേരളത്തിലെ മുഴുവന്‍ റേഷന്‍കടകളും നവംബര്‍ ആറ് മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു. റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാമെന്ന് പ്രഖ്യാപിച്ച വേതന വ്യവസ്ഥ ഇത് വരെ നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് റേഷന്‍ വ്യാപാരികള്‍ കടയടപ്പ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് റേഷന്‍ ഡീലേഴ്‌സ് സംയുക്തസമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുഛമായ കമ്മീഷനിലാണ് റേഷന്‍ വ്യാപാരികള്‍ മുന്നോട്ട് പോകുന്നത്. കാലത്തിനനുസരിച്ച് റേഷന്‍ സാധനങ്ങള്‍ വെട്ടിച്ചുരുക്കി നാമമാത്രമായ നിലയില്‍ റേഷന്‍ സാധാനങ്ങള്‍ നല്‍കുമ്പോള്‍ അതിന്റെ കമ്മീഷന്‍ മാത്രമായി മുന്നോട്ട് പോകാന്‍ സാധിക്കാത്തതിനാലാണ് ദീര്‍ഘകാലത്തെ പോരാട്ടങ്ങളുടെ ഫലമായി റേഷന്‍ വ്യാപാരികള്‍ക്ക് വേതനവ്യവസ്ഥ പ്രഖ്യാപിച്ചത്. 2017 ജൂണ്‍ മാസം മുതല്‍ ഡോര്‍ഡെലിവറി നടപ്പിലാക്കുമ്പോള്‍ ഈ വേതനവ്യവസ്ഥ നല്‍കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഡോര്‍ഡെലിവറി നടപ്പിലാക്കി അഞ്ച് മാസം കഴിഞ്ഞിട്ടും വേതന വ്യവസ്ഥ ഇത് വരെ നടപ്പിലാക്കിയിട്ടില്ല. ഇത് മാത്രമല്ല കഴിഞ്ഞ നാല് മാസത്തെ കമ്മീഷന്‍ കുടിശ്ശികയായി കിടക്കുകയാണ്. ഭക്ഷ്യഭദ്രതാ നിയമം നിലവില്‍വന്ന സാഹചര്യത്തില്‍ നടപ്പിലാക്കേണ്ട കമ്പ്യൂട്ടര്‍വത്കരണം, ഇ പോസ് മെഷീന്‍ സ്ഥാപിക്കല്‍ എന്നിവയും റേഷന്‍ കടയില്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഉദ്യോഗസ്ഥരും ബാഹ്യശക്തികളും ചേര്‍ന്ന് ഇവ അട്ടിമറിക്കുകയാണ് അളവ് തൂക്കം കൃതൃത ഉറപ്പ് വരുത്തി സര്‍ക്കാര്‍ ചെലവില്‍ കടയില്‍ ഇറക്കിക്കൊടുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും വന്‍തോതില്‍ തൂക്കക്കുറവ് നടക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് ഭക്ഷ്യഭദ്രതാനിയമം കൂടുതല്‍ സുതാര്യമാക്കണം. റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് എസ് എം എസ് അയക്കുന്നുണ്ടെങ്കിലും പലപ്പോഴും റേഷന്‍കടകളില്‍ സാധനങ്ങള്‍ എത്തുന്നതിന് മുമ്പാണ് ഉപഭോക്താക്കള്‍ക്ക് സന്ദേശം പോകുന്നത്. ഇത് റേഷന്‍കടയുടമകളും ജനങ്ങളും തമ്മിലുള്ള വാക്ക് തര്‍ക്കത്തിന് വഴിയൊരുക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ആറിന് കാലത്ത് പത്തിന് പ്രതിഷേധറാലി നടത്തും. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് റാലി ആരംഭിക്കും. തുടര്‍ന്ന് 11 മണിക്ക് സ്‌റ്റേഡിയം കോര്‍ണറില്‍ പ്രതിഷേധ ധര്‍ണയും നടക്കും. കെ.കെ.രാഗേഷ് എംപി ധര്‍ണ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ എം.ടി.ബഷീര്‍, കണ്‍വീനര്‍ ടി.കെ.ആരിഫ്, ബി.കെ.സഹദേവന്‍, ടി.കെ.പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
















