കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന തേനീച്ചകൃഷി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷക ഗ്രൂപ്പുകളുടെ യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലയ്‌ക്ക് തേനിന്റെ കാര്യത്തില്‍ സ്വയംപര്യാപത്ത കൈവരിക്കാനാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് പ്രസിഡന്റ് പറഞ്ഞു. പണ്ടുകാലത്തുണ്ടായിരുന്ന തേന്‍കൃഷി ജില്ലയില്‍നിന്ന് അന്യംനിന്നുപോയത് വീണ്ടെടുക്കാന്‍ കഴിയണം. വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും സഹായകമായ തേന്‍ സ്‌കൂളുകളില്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നല്‍കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. 200 ഓളം അപേക്ഷകളാണ് തേനീച്ചകൃഷിക്കായി ലഭിച്ചിട്ടുള്ളത്. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് നീക്കിവെച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും മികച്ച പദ്ധതിയായി ഇതിനെ മാറ്റി കണ്ണൂരിനെ തേന്‍ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞത് അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. തേനീച്ചയുള്‍പ്പെടെ 10 പെട്ടിയടങ്ങുന്ന ഒന്നോ അതിലധികമോ യൂനിറ്റ് ഒരു ഗ്രൂപ്പിന് നല്‍കും. ചെറുതേനീച്ചകളും സാധാരണ തേനീച്ചകളും നല്‍കുന്നുണ്ട്. ചെറുതേനീച്ചകള്‍ക്കാണ് നിലവില്‍ കൂടുതല്‍ ആവശ്യക്കാര്‍. ചെറുതേനീച്ച 10 പെട്ടിക്ക് 15,000 രൂപയും സാധാരണ തേനീച്ച 10 പെട്ടിക്ക് 10,000 രൂപയുമാണ് വില. അനുബന്ധ ഉപകരണങ്ങളും നല്‍കും. പകുതി സബ്‌സിഡിയായി ജില്ലാ പഞ്ചായത്ത് നല്‍കും. പകുതി ഗുണഭോക്തൃ വിഹിതമായി അടക്കണം. യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അനില പദ്ധതി വിശദീകരിച്ചു.
















