കണ്ണൂര്‍: അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും വന്ന നമുക്ക് മറ്റൊരു ഗര്‍ഭപാത്രമാണ് നമ്മുടെ പവിത്രമായ ഭൂമിയെന്ന് സീക്ക് ഡയരക്ടര്‍ ടി.പി.പത്മനാഭന്‍. പരിസ്ഥിതിയെക്കുറിച്ച് നാം ഏറെ അവബോധം നേടേണ്ടതുണ്ട്. നാം ഇനിയും ഏറെ പഠിക്കണം. ഒരു ചെറിയ അരുവിയില്‍ നിന്ന് ഒഴുകിവരുന്ന ജലത്തിന്റെ മൂല്യം നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. അവികസിതമെന്ന് നാം പറയുമ്പോഴും വനമേഖലയില്‍ നിന്ന് ഒഴുകിവരുന്ന അരുവികളും ജൈവ വൈവിധ്യവും ഏറെ മൂല്യവത്താണ്. നമ്മുടെ പ്രവൃത്തിയെയാണ് നാം വിലയിരുത്തേണ്ടത്. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ സേവാഭാരതി സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാം മണല്‍ വേണമെന്ന് എപ്പോഴും ആവശ്യപ്പെടുന്നവരാണ്. എന്നാല്‍ എന്തുകൊണ്ട് ആരും മണ്ണ് വേണമെന്ന് പറയുന്നില്ല. മണ്ണ് എന്നത് അനന്തമായ ജീവന്റെ ആത്മചൈതന്യമാണ്. ഒരു ചെറിയ നീര്‍ച്ചാല്‍ മാത്രം മതി, നമുക്കാവശ്യമായ ജലം ലഭ്യമാക്കാന്‍. പൊടിപടലങ്ങളോ ശബ്ദമലിനീകരണമോ ഇല്ലാത്ത സ്ഥലത്തുള്ള അരുവികള്‍ മഹത്തരമാണ്. പരിസ്ഥിതി വിഷയങ്ങളില്‍ സേവാഭാരതിക്ക് ഏറെ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം അധ്യക്ഷന്‍ ഡോ.രജത് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ദേശീയ സസ്യജനികത അവാര്‍ഡ് ജേതാവ് സജീവന്‍ കാവുങ്കര, ഗോസേവാ ജൈവകൃഷിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നാരായണന്‍ നമ്പൂതിരി, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബാബു പാറാല്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭാസ്‌കരന്‍ വെള്ളൂര്‍, ഗോപരിപാലകന്‍ അശോകന്‍ മുഴപ്പാല, കാലങ്ങളായി നഗരത്തിലെ അഗതികള്‍ക്ക് അന്നദാനം നല്‍കുന്ന സി.പി.സുരേഷ് കുമാര്‍ ചാലാട്, അവയവദാനത്തിലൂടെ പ്രസിദ്ധനായ ആല്‍ഫ്രഡ് ബര്‍ണശ്ശേരി, കണ്ടല്‍ സംരക്ഷകന്‍ കെ.എസ്.സനോജ് തുടങ്ങിയവരെ ആദരിച്ചു. ശങ്കരന്‍ പുന്നാട് വിഷയാവതരണം നടത്തി. സേവാഭാരതി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ വി.പി.മുരളീധരന്‍ സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.രാജീവന്‍ നന്ദിയും പറഞ്ഞു.
















