പയ്യന്നൂര്‍: അമ്മായിഅമ്മയെ വീടിന് മുകളില്‍ നിന്ന് തള്ളിത്താഴെയിട്ട് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. രാമന്തളി പരത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ ചെറുകിനിയന്‍ മീനാക്ഷിയെ(63)യാണ് മകന്‍ രവീന്ദ്രന്റെ ഭാര്യ സുചിത്ര കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. വീടിന് മുകളിലെ ടെറസ്സില്‍ പാമ്പുണ്ടെന്ന് പറഞ്ഞ് സുചിത്ര മീനാക്ഷിയെ ടെറസ്സിന് മുകളിലേക്ക് വിളിച്ചുവരുത്തി അവിടെ നിന്നും താഴേക്ക് തള്ളിയിടുകയും തലക്ക് ഗുരുതരമായി പരിക്കേറ്റ മീനാക്ഷി നിലവിളിച്ചപ്പോള്‍ ഓടിയെത്തി സുചിത്ര മീനാക്ഷിയുടെ വായില്‍ തുണിതിരുകി കഴുത്ത് പിടിച്ചു ഞെരിക്കുകയുമായിരുന്നുവത്രെ. മീനാക്ഷിയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ ഒന്നുമറിയാത്തതുപോലെ വീട്ടിനകത്ത് നിന്നും സുചിത്ര ഇറങ്ങിവരികയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സുചിത്രയുടെ നില ഗുരുതരമായതിനാല്‍ മംഗലാപുരത്തേക്ക് മാറ്റി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് കുഞ്ഞിരാമന്‍ മരിച്ചതിനെ തുടര്‍ന്ന് മകന്റെ സംരക്ഷണത്തിലായിരുന്നു മീനാക്ഷി. നാല് വര്‍ഷം മുമ്പാണ് രവീന്ദ്രന്‍ സുചിത്രയെ വിവാഹം കഴിച്ചത്. മീനാക്ഷി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















