കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി വിജയതിലകം 2017 ന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂം പ്രഖ്യാപനം കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സംസഥാനത്തെ എല്ലാ സ്‌കൂളുകളും ഹൈടെക് ആക്കുകയാണ്. നവംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ഹൈടെക് ആക്കും. ഈ ആധുനിക സംവിധാനം അക്കാദമിക് നിലവാരം മെച്ചപ്പെടുത്താന്‍ എങ്ങിനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ഇതിനായി സമഗ്ര എന്ന പദ്ധതി നടപ്പിലാക്കും. അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഈ വര്‍ഷം 1,45,208 കുട്ടികള്‍ പുതുതായി പൊതുവിദ്യാലയങ്ങളിലേക്ക് കടന്നുവന്നു. സ്വകാര്യ വിദ്യാലയങ്ങളില്‍നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ വരുന്നത് കേരളത്തിലെ മാറ്റമാണ്. ഇത് നിലനിര്‍ത്താന്‍ കഴിയണം. ജനങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ അധ്യാപകര്‍ക്ക് കഴിയണം. പൊതുവിദ്യാലയങ്ങളാണ് മികച്ചത് എന്ന തോന്നല്‍ പഠനാന്തരീക്ഷത്തിലൂടെ അവര്‍ക്ക് ഉണ്ടാക്കാനാവണം. അക്കാദമിക് മികവാണ് സ്‌കൂളുകളുടെ മികവെന്നും മന്ത്രി പറഞ്ഞു.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത, പി.കെ.ശ്രീമതി എംപി എന്നിവര്‍ സംസാരിച്ചു.
















