തലശ്ശേരി: സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ അടുത്ത സംസ്ഥാന സ്‌കൂള്‍ കായികമേള ബ്രണ്ണന്‍ കോളേജിലെ സിന്തറ്റിക് ട്രാക്കില്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. 12 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചത്. ഇത് കുറച്ചുകൂടി വേഗത്തിലാക്കാന്‍ കഴിയുമെങ്കില്‍ അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കായികമേള ഇവിടെ നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. തലശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ സിന്തറ്റിക് ട്രാക്ക് ആന്‍ഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവ. ബ്രണ്ണന്‍ കോളേജിലെ ഭൗതിക അക്കാദമിക് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 30 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ഉന്നതവിദ്യഭ്യാസരംഗത്ത് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാവുകയാണ്. ഫെബ്രുവരി ഒന്നിന് ഇത് ജനസമക്ഷം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
















