കൊല്ലം: എൽഡിഎഫിനെയും യുഡിഎഫിനെയും മാറി മാറി ജയിപ്പിച്ച നിഷേധ രാഷ്‌ട്രീയം ഉടൻ കേരളത്തിൽ അവസാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇനി ബിജെപി മുന്നോട്ടു വയ്‌ക്കുന്ന രാഷ്‌ട്രീയത്തിന്റെ കാലമാണ്. യുഡിഎഫിനോടുള്ള വെറുപ്പുകൊണ്ട് എൽഡിഎഫിനെയും തിരിച്ചും തിരഞ്ഞെടുക്കുന്നതാണ് കേരളത്തിന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
ഇത് നിഷേധ രാഷ്‌ട്രീയമാണ്. ഒരു മുന്നണിയെ മടുത്തു കഴിഞ്ഞതുകൊണ്ട് മാത്രമാണ് മറ്റൊരാൾക്ക് അവസരം കിട്ടുന്നത്. ഈ അവസ്ഥ മാറി ഭാവാത്മക രാഷ്‌ട്രീയം കേരളത്തിൽ ഉടൻ ഉണ്ടാകും. ഇനി മൂന്നാമതൊരു ശക്തി വരണമെന്നാണ് ജനത്തിന്റെ ആഗ്രഹം. അധികാരവും കയ്യൂക്കും പണവും കൊണ്ട് ജനാഭിപ്രായത്തെ സ്വാധീനിക്കാനാവില്ല. കോൺഗ്രസും സിപിഎമ്മും അതിനാണ് ശ്രമിക്കുന്നത്. എങ്ങനെയും യാത്ര പരാജയപ്പെടുത്താൻ കോൺഗ്രസും സിപിഎമ്മും ശ്രമിച്ചു. കമ്യൂണിസ്റ്റ് കോട്ടകളിൽ യാത്രയെ സ്വീകരിക്കാൻ ജനം ഇരമ്പിയെത്തി.
ഹർത്താൽ പ്രഖ്യാപിച്ച് ജാഥയെ നേരിടാനാണ് ആദ്യം സിപിഎം ശ്രമിച്ചത്. അതു ജനത്തിന് സൗകര്യമായി. കടകൾ അടച്ചതോടെ കൂടുതൽ ജനങ്ങൾ യാത്രയെ സ്വീകരിക്കാനെത്തി. വഴിവിളക്കുകൾ കെടുത്തിയപ്പോൾ മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ ജനം വരവേറ്റു. ഈ യാത്ര ചരിത്ര സംഭവമാണ്. അതിന്റെ വിജയം കണ്ട് സിപിഎമ്മും കോൺഗ്രസും അങ്കലാപ്പിലാണ്. കോൺഗ്രസിന് അങ്കലാപ്പുമല്ല, മരണവെപ്രാളമാണ്.
ടിപി കേസിൽ കോൺഗ്രസും സിപിഎമ്മും ഒത്തുതീർപ്പുണ്ടാക്കിയെന്ന് കോൺഗ്രസുകാരനായ വി.ടി. ബൽറാം പറഞ്ഞു. പിന്നീട് അദ്ദേഹം മാറ്റിപ്പറഞ്ഞു. നിരന്തരം ആദർശം പറയുന്ന ബൽറാമിന് നാണംകെട്ടു നിൽക്കുന്ന നേതാക്കളെ രക്ഷിക്കാൻ ആദർശം മാറ്റിവയ്‌ക്കേണ്ടിവന്നുവെന്നും കുമ്മനം പറഞ്ഞു.
















