ചെന്നൈ : തമിഴ്‌നാട് ഗവര്‍ണറായി ബന്‍വാരി ലാല്‍ പുരോഹിത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി പുരോഹിതിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാടിന്റെ 25-ാമത് ഗവര്‍ണറാണ് ബന്‍വാരിലാല്‍ പുരോഹിത്.
സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ എം തമ്ബിദുരൈ, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, പ്രതിപക്ഷനേതാവ് എംകെ സ്റ്റാലിന്‍, സംസ്ഥാനമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.
അസം ഗവര്‍ണറായിരുന്ന ബന്‍വാരിലാല്‍ പുരോഹിതിനെ കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറ്റിയത്. വിഭര്‍ഭ മേഖലയില്‍ നിന്നുള്ള നേതാവാണ് ബന്‍വാരിലാല്‍ പുരോഹിത്. രാഷ്‌ട്രീയത്തിന് പുറമെ, സാമൂഹ്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെല്ലാം ബന്‍വാരിലാല്‍ പുരോഹിത് സജീവ സാന്നിധ്യമായിരുന്നു.
1977 ലാണ് ബന്‍വാരിലാല്‍ പുരോഹിത് സജീവരാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നത്. 1978 ല്‍ നാഗ്പൂരില്‍ നിന്നും ആദ്യമായി മഹാരാഷ്‌ട്ര നിയമസഭയിലെത്തി. 1980 ല്‍ വീണ്ടും നിയമസഭയിലെത്തിയ പുരോഹിത്, 1982 ല്‍ സംസ്ഥാനമന്ത്രിയുമായി.
1984 ലും,89 ലും,1996 ലും ബന്‍വാരിലാല്‍ പുരോഹിത് ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യ രണ്ടുതവണ കോണ്‍ഗ്രസ് ടിക്കറ്റിലും മൂന്നാം തവണ ബിജെപി ടിക്കറ്റിലുമാണ് പുരോഹിത് ലോക്‌സഭയിലേക്ക് വിജയിച്ചത്. പാര്‍ലമെന്റിലെ പ്രതിരോധ, ആഭ്യന്തര സമിതികളില്‍ പുരോഹിത് അംഗമായിരുന്നിട്ടുണ്ട്.
2016 ആഗസ്റ്റില്‍ കെ റോസയ്യ സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇതുവരെ തമിഴ്‌നാട്ടില്‍ സ്ഥിരം ഗവര്‍ണര്‍ ഇല്ലായിരുന്നു. മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിനായിരുന്നു തമിഴ്‌നാടിന്റെ ചുമതല നല്‍കിയിരുന്നത്. സംസ്ഥാനത്ത് രാഷ്‌ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ സമയ ഗവര്‍ണറെ നിയമിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് പുരോഹിതിനെ തമിഴ്‌നാട്ടിലേക്ക് മാറ്റിയത്.
















