പഞ്ച്കുള: മാനഭംഗക്കേസില്‍ ജയിലിലായ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ ഹരിയാനയിലെ പഞ്ചകുള ജില്ലാ കോടതി ആറു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി അത് തള്ളുകയായിരുന്നു.
ഗുര്‍മീതിനെ ശിക്ഷിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും ദല്‍ഹിയിലുമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ഹണിപ്രീതാണെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. ഹണിപ്രീതിനെ വിശദമായി ചോദ്യം ചെയ്താലേ സംഭവങ്ങളുടെ യഥാര്‍ത്ഥ വസ്തുത അറിയാനാവു എന്നും പോലീസ് പറഞ്ഞു.
ഇന്നലെയാണ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്. കലാപത്തില്‍ നാല്‍പതിലേറെ പേര്‍ മരിച്ചിരുന്നു. ആഗസ്റ്റ് 25ന് കോടതി കുറ്റക്കാരനെന്ന് വിധിച്ച് ഗുര്‍മീതിനെ ജയിലിലേക്ക് മാറ്റിയപ്പോള്‍ ഒപ്പം കൂടിയ ശേഷം ഹണിപ്രീത് മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഹണിപ്രീതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
















