ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിസുരക്ഷാ മേഖലയിലെ ബിഎസ്എഫ് ക്യാമ്പില്‍ ഭീകരാക്രമണം, ഒരു എഎസ്‌ഐ കൊല്ലപ്പെട്ടു. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറില്‍ സൈന്യവും വിവിഐപികളും ഉപയോഗിക്കുന്ന വിമാനത്താവളത്തിനു സമീപത്തെ ക്യാമ്പില്‍ ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദിന്റെ അഫ്‌സല്‍ഗുരു സ്‌ക്വാഡ് ഏറ്റെടുത്തു.
പുലര്‍ച്ചെ മൂന്നരയോടെ ഇരുട്ടിന്റെ മറപിടിച്ച് തുടരെ വെടിയുതിര്‍ത്ത് മൂന്നു ഭീകരര്‍ ക്യാമ്പിലേക്ക് കയറുകയായിരുന്നു. അതിനിടെയാണ് എഎസ്എ ബി.കെ. യാദവ് വെടിയേറ്റു മരിച്ചത്. സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് ഭീകരര്‍ അപ്പോള്‍ത്തന്നെ കൊല്ലപ്പെട്ടു. മൂന്നാമനെ രാവിലെ പതിനൊന്നരയോടെ സൈന്യം വധിച്ചു.
കശ്മീരില്‍ ആക്രമണത്തിന് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞുകയറിയെന്ന് ആഗസ്റ്റില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സംഘത്തില്‍പ്പെട്ടവരാണ് ഇന്നലെ കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
മൂന്നു പേരെ ആഗസ്റ്റില്‍ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇനിയും ഈ സംഘത്തിലെ മൂന്നു മുതല്‍ നാലു വരെ ഭീകരര്‍ കശ്മീരിലുണ്ടെന്നാണ് വിവരം. ഭീകരാക്രമണം ചെറുത്ത ബിഎസ്എഫ് ജവാന്മാരെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.
















