ചങ്ങനാശേരി: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ കഞ്ചാവ് കടത്തുന്ന ആളെ ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ഒന്നേകാല്‍ കിലോ കഞ്ചാവുമായി പിടികൂടി. ചങ്ങനാശേരി തൃക്കൊടിത്താനം അമര ചേരകുളം കാടിക്കാലായില്‍ പ്രസാദ് സി.തങ്കപ്പന്‍ (46) ആണ് പിടിയിലായത്. തമിഴ്‌നാട് കമ്പം ഭാഗത്തു നിന്നുമാണ് ഇയാള്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നു വരുന്ന ചരക്ക് ലോറികളില്‍ കയറ്റി ചെക്കിങ്ങില്‍ നിന്നും രക്ഷപ്പെട്ടാണ് കേരളത്തിലേക്ക് വന്‍ തോതില്‍ ഇയാള്‍ കഞ്ചാവ് എത്തിക്കുന്നത്. പത്തിരട്ടി വിലക്കാണ് കഞ്ചാവ് കേരളത്തില്‍ വില്‍ക്കുന്നത്. കഞ്ചാവ് ആവശ്യമുള്ളവര്‍ ഇയാളെ സമീപിക്കുമ്പോള്‍ ആദ്യം പകുതി വില വാങ്ങിയശേഷം രണ്ട് ദിവസത്തിനകം കഞ്ചാവ് സ്ഥലത്ത് എത്തിച്ചു കൊടുക്കും. ചക്കയുടെ ബിസിനസ് ഉള്ള ഇയാള്‍ ചക്കയ്‌ക്ക് അകത്തും കഞ്ചാവ് കടത്തിയിട്ടുള്ളതായി എക്‌സൈസ് പറഞ്ഞു.















