കണ്ണൂര്‍: ഐഎന്‍എല്‍ നേതാക്കള്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന സേട്ട് സാഹിബ് സാംസ്‌കാരിക വേദി പ്രസിഡന്റ് അഷറഫ് പുറവൂരിന്റെയും മറ്റ് ഭാരവാഹികളുടെയും പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി താജുദ്ദീന്‍ മട്ടന്നൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇബ്രാഹിം സുലൈമാന്‍ സേട്ടു സാംസ്‌കാരിക കേന്ദ്രം പണിയുന്നതിന് വേണ്ടി 14 ജില്ലകളിലും ഐഎന്‍എല്‍ പണപിരിവ് നടത്തിയെന്നത് സത്യമാണ്. കണ്ണൂര്‍ ജില്ലയില്‍ അന്ന് അഷറഫ് പുറവൂരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പിരിവ് നടത്തിയത്. ആ കണക്ക് അദ്ദേഹം അവതരിപ്പിച്ചിരുന്നില്ല. ജില്ലയില്‍ നിന്നും 11 ലക്ഷം രൂപ പിരിഞ്ഞുകിട്ടിയതില്‍ സംസ്ഥാനകമ്മിറ്റിക്ക് നല്‍കിയത് 3 ലക്ഷം രൂപയാണ്. ബാക്കി തുകയുടെ കണക്ക് അഷറഫ് പുറവൂരാണ് വ്യക്തമാക്കേണ്ടത്. പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയപ്പോള്‍ ഈ കണക്കിനെ കുറിച്ച് വ്യക്തതവരുത്താതെയും പാര്‍ട്ടിയുടെ റസീറ്റ് ബുക്ക് തിരിച്ചേല്‍പ്പിക്കാതെയുമാണ് പുറത്ത് പോയത്. ഇത് സംബന്ധിച്ച് നിയമനടപടി സ്വീകരിക്കുവാന്‍ പാര്‍ട്ടി ആലോചന തുടങ്ങിയിട്ടുണ്ട്. ഇപ്പോഴും ഐഎന്‍എല്ലിന്റെ പേരില്‍ ഇയാള്‍ പണപ്പിരിവ് നടത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. വി.കെ.ഉമ്മര്‍ക്കുട്ടി, പി.വി.മുത്തലിബ്, പി.കെ.മൂസ, ഷാഹിദ് തയ്യില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















