ചെറുപുഴ: ഭാരതം ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ അജയ്യ ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ദേശീയബോധമുള്ള ജനതയും തൊഴിലാളി സമൂഹവും വളരേണ്ടത് അത്യാവശ്യമാണെന്നും വൈവിധ്യമാര്‍ന്ന നമ്മുടെ സംസ്‌ക്കാരവും ജീവിതരീതിയും കോര്‍ത്തിണക്കി ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി മാറാന്‍ സാധിച്ചത് വിശ്വകര്‍മ്മജയന്തിദിനം പോലുള്ള ഒരുദിവസത്തെ ദേശീയതൊഴിലാളി ദിനമായി അംഗീകരിച്ചതുകൊണ്ടാണെന്നും എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് പി.കെ.ജയപ്രകാശ് അഭിപ്രായപ്പെട്ടു. ചെറുപുഴയില്‍ വിശ്വകര്‍മ്മജയന്തിയോടനുബന്ധിച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വകര്‍മ്മജയന്തി ദിനത്തോടനുബന്ധിച്ച് ബിഎംഎസ് ചെറുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു.. വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ബിഎംഎസ് ആചരിക്കുന്നതിന്റെ ഭാഗമായി ചെറുപുഴ ക്ഷേത്രപരിസരത്തു നിന്നും ആരംഭിച്ച് എം.ബി.വിജയന്‍, പി.വി.കമലാക്ഷന്‍, രാമചന്ദ്രന്‍, ടി.നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ പ്രകടനം ചെറുപുഴ ബസ് സ്റ്റാന്റ് ചുറ്റി മേലേ ബസാറില്‍ സമാപിച്ചു. പൊതുയോഗത്തില്‍ പി.വി.കമലാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വേണുഗോപാല്‍ സ്വാഗതവും ടി.നാരായണന്‍ നന്ദിയും പറഞ്ഞു.
















