മാന്നാര്‍(ആലപ്പുഴ): പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളേജില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയിട്ട് ഇന്ന് 21 വര്‍ഷം. 1996 സെപ്റ്റംബര്‍ 17നാണ് മൂന്ന് എബിവിപി പ്രവര്‍ത്തകരെ സിപിഎം-ഡിവൈഎഫ്‌ഐക്കാര്‍ പമ്പയാറ്റില്‍ മുക്കിക്കൊന്നത്.
മാന്നാര്‍ ആലുംമൂട് കിം കോട്ടേജില്‍ പരേതരായ കരുണാകരന്‍-ലീലാമ്മ ദമ്പതികളുടെ ഏക മകന്‍ കിം കരുണാകരന്‍(17) കുട്ടമ്പേരൂര്‍ ഇന്ദിരാലയത്തില്‍ ശശിധരന്‍ നായര്‍-ഇന്ദിര ദമ്പതികളുടെ ഏക മകന്‍ അനു പി.എസ്(20), ചെട്ടികുളങ്ങര കണ്ണമംഗലം ശാരദാഭവനം ശിവദാസന്‍ നായരുടെയും പരേതയായ ശാരദയുടേയും മകന്‍ സുജിത്ത്(17) എന്നിവരാണ് കൊല്ലപ്പെട്ടത്.
പുറമെ നിന്നുള്ള ഗുണ്ടകളുടെ നേതൃത്വത്തില്‍ കോളേജിനുള്ളില്‍ കയറി നടത്തിയ ആക്രമണത്തില്‍ നിന്നു രക്ഷ നേടുന്നതിനായി കോളേജിനു സമീപത്തുകൂടി ഒഴുകുന്ന പമ്പാ നദിയിലേക്കു ചാടിയ ഇവരെ ചവിട്ടിയും കല്ലെറിഞ്ഞും വെള്ളത്തില്‍ താഴ്‌ത്തി കൊല്ലുകയായിരുന്നു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിലെ പ്രതികളെ അന്ന് കേരളം ഭരിച്ചിരുന്ന ഇ.കെ. നായനാരുടെ നേതൃത്വത്തുള്ള ഇടതു സര്‍ക്കാര്‍ തെളിവുകള്‍ നശിപ്പിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
കൊലയാളികളെ പിടിക്കുന്നതിനു പകരം കൊല്ലപ്പെട്ടവരെ മോശമായി ചിത്രീകരിക്കാനാണ് നിയമപാലകരും ഇവരെ നയിക്കുന്നവരും ശ്രമിച്ചത്. തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി അന്വേഷണത്തെയും തുടര്‍ നടപടികളെയും നിശിതമായി വിമര്‍ശിച്ചിരുന്നു. കോടതിക്ക് ഈ സംഭവത്തില്‍ മാതാപിതാക്കളുടെ ദുഖത്തില്‍ പങ്കുചേരുവാന്‍ മാത്രമെ സാധിക്കുകയുള്ളു എന്ന് പറയേണ്ടിവന്നു.
കൊലപാതകത്തിന് നേതൃത്വം കൊടുത്തവരും നടത്തിയവരും ഇന്നും അക്രമപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി സസുഖം പാര്‍ട്ടി പ്രവര്‍ത്തനം തുടരുകയാണ്, ചിലര്‍ വിദേശത്തേക്കും കടന്നു. ഭരണസ്വാധീനത്തില്‍ തെളിവുകള്‍ നശിപ്പിച്ച് പ്രതികളെ രക്ഷപ്പെടുത്തിയ കേസില്‍ പുനരന്വേഷണമെന്ന ആവശ്യത്തെ ഇടത്-വലത് സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു.
സിപിഎമ്മിന്റെ കിരാതവാഴ്ചക്ക് ഇരയാകേണ്ടിവന്ന ഈ മൂന്ന് പ്രവര്‍ത്തകരുടെ വേദനിക്കുന്ന ഓര്‍മ്മകളുമായി പരുമല ദേവസ്വം ബോര്‍ഡ് പമ്പാ കോളേജിലും വൈകിട്ട് 4ന് പരുമല ജംങ്ഷനിലും ജനകീയ കൂട്ടായ്‌മകള്‍ നടക്കും.
മാന്നാര്‍ കമ്യൂണിറ്റി ഹാളില്‍ ബലിദാനട്രസ്റ്റും യുവമോര്‍ച്ചയും സംയുക്തമായി നടത്തുന്ന പരിപാടിയില്‍ കെ. പി. സദാനന്ദന്‍മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി മധുപരുമല അദ്ധ്യക്ഷനാകും.
















