തിരുവനന്തപുരം: ആര്‍സിസിസിയില്‍ ചികിത്സിച്ച കുട്ടിക്ക് എച്ച് ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസിയിലെ രക്തബാങ്കിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ്. കുട്ടിയ്ക്ക് 46 പ്രാവശ്യം ആര്‍സിസിയില്‍ നിന്നും രക്തം നല്‍കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്തദാതാക്കളുടെ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ദാതാക്കളുടെ രക്തസാമ്പിളുകളും പരിശോധിക്കും.
കഴിഞ്ഞ മാര്‍ച്ചിലാണ് രക്താര്‍ബുദത്തെ തുടര്‍ന്ന് കുട്ടി ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയത്. ചികിത്സയുടെ ഭാഗമായി റേഡിയേഷന് തെറാപ്പി നടത്തി. അതിനു ശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞു. ഇതു പരിഹരിക്കാനായി ആര്‍സിസിയില്‍ നിന്ന് ബ്ളഡ് ട്രാന്സ്ഫ്യൂഷന് നടത്തിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് എച്ച്ഐവി സ്ഥിരീകരിച്ചത്.
സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡയറക്ടറോട് വിശദീകരണം തേടി. എന്നാല്‍ ആര്‍സിസിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാടിലാണ് അധികൃതര്‍. ശാസ്ത്രീയമായ തെളിവുകളും അന്വേഷണ റിപ്പോര്‍ട്ടുകളും കിട്ടിയാലേ നടപടിയുളളൂവെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ആര്‍സിസിയും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















