തിരുവനന്തപുരം: ബംഗാളില്‍ നിന്നുള്ള സിപിഎമ്മിന്റെ പ്രമുഖ നേതാവും രാജ്യസഭാ എംപിയുമായ ഋതബ്രതാ ബാനര്‍ജി കണ്ണൂരിലെ കൊലപാതകങ്ങളെക്കുറിച്ചു നടത്തിയ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂരില്‍ പാര്‍ട്ടിക്ക് സ്വന്തമായി ആയോധന പരിശീലനകേന്ദ്രങ്ങള്‍ ഉണ്ടെന്ന തുറന്നുപറച്ചില്‍ ആശങ്കയുണ്ടാക്കുന്നതാണ്.
കേരളത്തിന്റെ, പ്രത്യേകിച്ച് കണ്ണൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നത് ആരാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കേരളത്തിലെ മാത്രമല്ല ദേശീയതലത്തില്‍ത്തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് കണ്ണൂര്‍ ലോബിയാണെന്നാണ് ഋതബ്രത പറഞ്ഞത്. കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ലെന്നും പാര്‍ട്ടിയുടെ എംപി തന്നെ തുറന്നു പറയുന്നുണ്ട്. പാര്‍ട്ടിക്കെതിരായ ഈ തുറന്നുപറച്ചിലിന്റെ പേരില്‍ തന്റെ ജീവന് ഭീഷണിയുണ്ടായേക്കാമെന്ന ഋതബ്രതയുടെ വാക്കുകള്‍ സിപിഎം എത്രമാത്രം ക്രിമിനല്‍വത്കരിക്കപ്പെട്ടു എന്നതിന്റെ തെളിവാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.
22-ാം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സമ്മേളനങ്ങള്‍ക്കായി പാര്‍ട്ടി പുറത്തിറക്കിയ പാര്‍ട്ടിക്കത്ത് ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ഏരിയാ തലങ്ങളില്‍ പാര്‍ട്ടിക്ക് സെല്‍ഫ് ഡിഫന്‍സ് സംവിധാനം ഉണ്ടോ എന്നാണ് കത്തിലെ 33-ാമത്തെ ചോദ്യം. എതിരാളികളെ കൊന്നൊടുക്കാന്‍ സിപിഎമ്മിന് സ്വന്തമായുള്ള ക്രിമിനല്‍ സംഘമാണിത്. പാര്‍ട്ടിയുടെ രാജ്യസഭാ എംപിയുടെ വെളിപ്പെടുത്തലിനോട് കൂട്ടിവായിക്കുമ്പോഴാണ് ഇതിന്റെ ഗൗരവം കൂടുന്നത്. ജനകീയ ജനാധിപത്യം പ്രവര്‍ത്തന ശൈലിയായി സ്വീകരിച്ചു എന്ന് അവകാശപ്പെടുന്ന സിപിഎം എന്തിനാണ് സായുധസേനയെ കൂടെക്കൊണ്ടുനടക്കുന്നതെന്ന് വ്യക്തമാക്കണം. സായുധ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുക പാര്‍ട്ടി നയമല്ലെങ്കില്‍ എതിരാളികളെ കൊന്നൊടുക്കാനല്ലാതെ മറ്റെന്തിനാണ് ഈ സേന ? കുമ്മനം ചോദിച്ചു.
ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സിപിഎം തയ്യാറല്ലെന്നാണ് രണ്ടു സംഭവങ്ങളും വെളിവാക്കുന്നത്. അല്ലെങ്കില്‍ സായുധസേന പിരിച്ചുവിടാന്‍ പാര്‍ട്ടി തയ്യാറാകണം. എങ്കില്‍ സംസ്ഥാനത്ത് സമാധാനം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
















