തിരുവനന്തപുരം: വാറ്റില്‍നിന്നു ജിഎസ്ടിയിലേക്ക് മാറ്റപ്പെട്ട പ്രവൃത്തികളില്‍ കരാറുകാര്‍ക്കുണ്ടായ അധിക ചെലവിന് നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാറുകാര്‍ ജിഎസ്ടി അടയ്‌ക്കണമെന്ന സംവിധാനം മാറ്റണമെന്നും ആവശ്യപ്പെട്ട് കരാറുകാര്‍ പണികള്‍ നിര്‍ത്തിവയ്‌ക്കാനും ടെണ്ടറുകള്‍ ബഹിഷ്‌കരിക്കാനും തീരുമാനിച്ചു.
ജിഎസ്ടി നിരക്കുകള്‍ നിര്‍മ്മാണമേഖലയ്‌ക്ക് താങ്ങാനാവാത്തതാണെന്നും നടപടിക്രമങ്ങളിലെ അവ്യക്തതകള്‍ സംരംഭകര്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നും കേരളാ ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് സംയുക്ത സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു.
സിമന്റ്, കോണ്‍ക്രീറ്റ് കട്ടകള്‍, ഗ്രാനൈറ്റ് തുടങ്ങിയ കെട്ടിടനിര്‍മ്മാണ വസ്തുക്കള്‍ക്ക് 28 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഒരു സിമന്റ് കട്ടയുടെ നികുതി 10 രൂപയാണ്. ഇലക്ട്രിക്കല്‍, പ്ലബിംഗ് ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കും ഉയര്‍ന്ന നിരക്കാണ്. ഇത് കെട്ടിട നിര്‍മ്മാണ മേഖലയെ സ്തംഭിപ്പിച്ചിരിക്കുകയാണ്.
ജിഎസ്ടിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് 27ന് തിരുവനന്തപുരം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെമിനാര്‍ സംഘടിപ്പിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ജിഎസ്ടി വകുപ്പ്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകര്‍, അഭിഭാഷകര്‍, സാമ്പത്തിക വിദഗ്‌ദ്ധര്‍ എന്നിവര്‍ ക്ലാസുകളെടുക്കും. ജിഎസ്ടി കൗണ്‍സിലിന് നല്‍കേണ്ട നിവേദനത്തിന് രൂപം നല്‍കും.
















