ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ പാതിയായി ഉയര്‍ന്നു. ഇന്നലെ രാവിലെ 7ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2354.26 അടിയാണ് ഡാമിലെ ജലനിരപ്പ്.
സംഭരണശേഷിയുടെ 49.442 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 2351.4 അടിയായിരുന്നു ജലനിരപ്പ്. 47.03 ശതമാനം. അതായത് 3 അടിയോളം വെള്ളം കൂടുതല്‍. അനുവദനീയമായ പരമാവധി സംഭരണശേഷി 2400 അടിയാണ്.
കഴിഞ്ഞ മെയ് അവസാന വാരം ജലനിരപ്പ് 12 ശതമാനത്തിലെത്തിയിരുന്നു. 0.22 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ 21.518 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. ഡാമിലാകെ 1062 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം നിലവിലുണ്ട്. സംസ്ഥാനത്താകെ 2097 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഉള്ളത്. ഇത് 2015, 2016 വര്‍ഷങ്ങളിലെ ഇതേസമയത്തെ ജലനിരപ്പിനൊപ്പമാണ്.
















